ക്യാപ്‌റ്റനായി സഞ്ജുവിന്റെ ആദ്യ വർഷമല്ലെ, സഹായിക്കാൻ ഞാനും മില്ലറും മോറിസുമെല്ലാമുണ്ട്: ബട്ട്‌ലർ

അഭിറാം മനോഹർ| Last Modified ബുധന്‍, 28 ഏപ്രില്‍ 2021 (19:55 IST)
ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ നായകനായി സഞ്ജുവിനെ തിരഞ്ഞെടുത്തതിൽ ടീമിനുള്ളിൽ അതൃപ്‌തിയുള്ളതായി കഴിഞ്ഞ ദിവസം മുൻ ഇന്ത്യൻ ഓപ്പണറായ വിരേന്ദർ സെവാഗ് അഭിപ്രായപ്പെട്ടിരുന്നു. ഐപിഎല്ലിലെ ആദ്യ മത്സരങ്ങൾ പിന്നിടുമ്പോൾ അത്ര മികച്ച പ്രകടനമല്ല നായകൻ എന്ന നിലയിൽ സഞ്ജുവെന്നത് വ്യക്തവുമാണ്. ഇപ്പോളിതാ സഞ്ജു സാംസണിന്റെ ക്യാപ്‌‌റ്റൻസിയെ പറ്റി തുറന്ന് സംസാരിച്ചിരിക്കുകയാണ് ടീമിലെ സഹതാരമായ ഇംഗ്ലണ്ട് സൂപ്പർ താരം ജോസ് ബട്ട്‌ലർ.

നായകനെന്ന നിലയിൽ പുതുമുഖമാണെന്നും അദ്ദേഹത്തെ സഹായിക്കാൻ താൻ അടക്കമുള്ള മുതിർന്ന താരങ്ങൾ ഉണ്ടെന്നുമാണ് ബട്ട്‌ലർ പറയുന്നത്. സഞ്ജുവിന്റെ ക്യാപ്‌റ്റൻസിയിൽ ടീമിൽ അതൃപ്‌തിയുണ്ടെന്ന സെവാഗിന്റെ അഭിപ്രായത്തിന് പിന്നാലെയാണ് ബട്ട്‌ലറുടെ മറുപടി.

ക്യാപ്റ്റനെന്ന നിലയിൽ ഇത് സഞ്ജുവിന്റെ ആദ്യ വർഷമാണ്. അതിനാൽ തന്നെ ടീമിലെ സീനിയർ താരങ്ങളായ ഞാനും ക്രിസ് മോറിസും ഡേവിഡ് മില്ലറുമെല്ലാം എപ്പോളും സഞ്ജുവിന്റെ സഹായത്തിനുണ്ട്.ഇംഗ്ലണ്ട് ടീമിൽ വൈസ് ക്യാപ്റ്റന്റെ ജോലി ചെയ്ത പരിചയം എനിക്കുണ്ട്. അതുവച്ച് ക്യാപ്റ്റനെന്ന നിലയിൽ സഞ്ജുവിനെ സഹായിക്കാനാണ് ശ്രമം. ബട്ട്‌ലർ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :