അഭിറാം മനോഹർ|
Last Modified ശനി, 31 ഒക്‌ടോബര്‍ 2020 (11:39 IST)
ഐപിഎല്ലിലെ ആദ്യ മത്സരങ്ങളിൽ തകർപ്പൻ പ്രകടനങ്ങൾ പുറത്തെടുക്കാൻ സാധിച്ചെങ്കിലും പിന്നീട് കാര്യമായി സ്കോർ ചെയ്യാൻ സാധിക്കാഞ്ഞതോടെ വലിയ വിമർശനങ്ങളാണ് സഞ്ജു ഏറ്റുവാങ്ങിയത്. ഷാർജയിലെ ചെറിയ മൈതാനത്ത് മാത്രം വലിയ സ്കോർ നേടാനായ സഞ്ജു പല മത്സരങ്ങളിലും തന്റെ വിക്കറ്റ് അനാവാശ്യമായി വലിച്ചെറിയുകയായിരുന്നു എന്നായിരുന്നു സഞ്ജുവിന് നേരെ ഉയർന്ന ഏറ്റവും വലിയ വിമർശനം.
എന്നാൽ ഐപിഎല്ലിലെ സഞ്ജുവിന്റെ പ്രകടനങ്ങൾ വിലയിരുത്തുമ്പോൾ ഇതിൽ ശരിയുള്ളതായും കാണാം. എന്നാൽ കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ പ്രതിരോധിക്കേണ്ടിടത്ത് പ്രതിരോധിച്ചും ആക്രമിക്കേണ്ടിടത്ത് ആക്രമിച്ചും സന്ദര്‍ഭോചിതമായി നിറഞ്ഞാടുന്ന ഒരു പുതിയ താരത്തെയാണ് സഞ്ജുവിൽ കാണാനുള്ളത്. കിങ്‌സ് ഇലവൻ പഞ്ചാബിനെതിരെ 25 പന്തിൽ നേടിയ 48 റൺസ് പ്രകടനം അക്ഷരാർധത്തിൽ ടീമിന്റെ വിജയം ഉറപ്പിച്ച ഇന്നിങ്‌സായിരുന്നു.
മത്സരത്തിൽ ബെൻ സ്റ്റോക്‌സ് രാജാസ്ഥാൻ ഇന്നിങ്സിന് നൽകിയ വേഗം കൈവിടാതെ മോശം പന്തുകളെ ശിക്ഷിച്ചുകൊണ്ടാണ് സഞ്ജു മുന്നേറിയത്. നാല് ഫോറുകളും 3 സിക്‌സറുകളും ഉൾപ്പടെ 48 റൺസ്. ഒടുവിൽ ഇല്ലാത്ത റൺസിനായുള്ള ഓട്ടത്തിൽ വിക്കറ്റ് നഷ്ടപ്പെട്ടപ്പോഴും തലയുയർത്തി തന്നെയായിരുന്നു സഞ്ജുവിന്റെ മടക്കം. ഇത്ര മികച്ച രീതിയിൽ സഞ്ജു മുന്നേറുമ്പോൾ പുറത്താകാൻ മറ്റ് വഴികൾ ഇല്ല എന്നായിരുന്നു ആ ഔട്ടിനെ കുറിച്ച് ബ്രെറ്റ്‌ലിയുടെ പ്രതികരണം.
മത്സരശേഷം മറ്റ് മുൻ താരങ്ങളും സഞ്ജുവിന് പ്രശംസയുമായെത്തി.മുൻ ഇന്ത്യൻ താരങ്ങളായ നമാൻ ഓജ, ഇർഫാൻ
പത്താൻ തുടങ്ങി പലരും സഞ്ജുവിനെ പ്രശംസിച്ച് രംഗത്തെത്തി. ഇതോടെ സീസണിൽ 13 മത്സരങ്ങളില്‍ 374 റണ്‍സായി സഞ്ജുവിന്‍റെ സമ്പാദ്യം.അതേസമയം സീസണിൽ 26 സിക്‌സറുകളുമായി ഈ ഐപിഎല്ലിലെ സിക്‌സർ വേട്ടക്കാരുടെ പട്ടികയിൽ ഒന്നാമതാണ് താരം.