'ഐപിഎല്‍ തുടരുമോ?' 'യുഎഇയിലേക്ക് മാറ്റുമോ?' മറുപടി നല്‍കി ഗാംഗുലി

നെല്‍വിന്‍ വില്‍സണ്‍| Last Modified വ്യാഴം, 6 മെയ് 2021 (14:11 IST)

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഐപിഎല്‍ 2021 സീസണ്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. നിലവില്‍ 29 മത്സരങ്ങള്‍ പൂര്‍ത്തിയായി, 31 മത്സരങ്ങള്‍ കൂടിയാണ് ശേഷിക്കുന്നത്. ഐപിഎല്‍ വീണ്ടും തുടരുമോ എന്ന ചോദ്യമാണ് ഇപ്പോള്‍ അവശേഷിക്കുന്നത്. ഐപിഎല്‍ തുടരുമോ എന്ന ചോദ്യത്തിനു 'നമുക്ക് കാണാം, ഇപ്പോള്‍ പറയുക അസാധ്യം,' എന്നാണ് ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി മറുപടി നല്‍കിയത്. ഐപിഎല്‍ തുടരുന്നുണ്ടെങ്കില്‍ അത് യുഎഇയില്‍ ആയിരിക്കുമോ എന്ന ചോദ്യത്തിനും 'ഇപ്പോള്‍ പറയാന്‍ കഴിയില്ല' എന്നാണ് ഗാംഗുലി മറുപടി നല്‍കിയത്.

'ബയോബബിള്‍ ലംഘിക്കപ്പെട്ടതായി തോന്നുന്നില്ല. താരങ്ങള്‍ക്ക് എങ്ങനെയാണ് കോവിഡ് ബാധിച്ചതെന്ന് പറയുക അസാധ്യം. രാജ്യത്ത് എത്രയോ പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നു. അവര്‍ക്കൊക്കെ എങ്ങനെയാണ് വൈറസ് ബാധിച്ചതെന്ന് പറയുക പ്രയാസമല്ലേ?,' ഗാംഗുലി ചോദിച്ചു.

ഐപിഎല്‍ ഇന്ത്യയില്‍ നടത്താന്‍ തീരുമാനിച്ചതിനെയും ഗാംഗുലി ന്യായീകരിച്ചു. ഐപിഎല്‍ മത്സരങ്ങള്‍ നടത്താന്‍ തീരുമാനിച്ച സമയത്ത് ഇന്ത്യയില്‍ ഇത്ര പോസിറ്റീവ് കേസുകള്‍ ഉണ്ടായിരുന്നില്ല. കോവിഡ് കര്‍വ് കുറഞ്ഞുവരികയായിരുന്നു. അതുകൊണ്ടാണ് ഐപിഎല്‍ ഇവിടെ തന്നെ നടത്തിയതെന്നും ഗാംഗുലി പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :