അബുദാബി|
സുബിന്‍ ജോഷി|
Last Modified വ്യാഴം, 8 ഒക്‌ടോബര്‍ 2020 (09:18 IST)
പോരാട്ടവീര്യം മറന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സ്. കഴിഞ്ഞ മത്‌സരത്തിലെ 10 വിക്കറ്റ് ജയത്തോടെ സജീവമായി തിരിച്ചുവന്നെങ്കിലും വീണ്ടും കളി മറന്ന പ്രകടനമാണ് ചെന്നൈ കൊൽക്കത്ത നൈറ്റ്റൈഡേഴ്‌സിനെതിരെ കാഴ്‌ചവച്ചത്. ആദ്യം ബാറ്റ് ചെയ്‌ത കൊല്‍ക്കത്ത 167 റണ്‍സിന് പുറത്തായപ്പോള്‍ തന്നെ ചെന്നൈ ആരാധകര്‍ ആവേശത്തിലായിരുന്നു. കഴിഞ്ഞ മത്‌സരത്തിലെ പ്രകടനം ആവര്‍ത്തിച്ചാല്‍ ചെന്നൈക്ക് നിഷ്‌പ്രയാസം മറികടക്കാവുന്ന സ്‌കോര്‍. എന്നാല്‍ ജയിക്കാന്‍ പത്തുറണ്‍സ് അകലെ ചെന്നൈയുടെ പോരാട്ടം അവസാനിച്ചു.
സ്‌കോർ: കൊൽക്കത്ത 167. ചെന്നൈ 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 157 റൺസ്.
ഷെയ്ൻ വാട്സനും അമ്പാട്ടി റായുഡുവും തകര്‍പ്പന്‍ കളി പുറത്തെടുത്തപ്പോള്‍ ചെന്നൈ വിജയിക്കുമെന്ന് തന്നെയാണ് ഏവരും കരുതിയത്. എന്നാല്‍ മത്സരത്തിന്‍റെ അവസാനം വിക്കറ്റുകള്‍ തുടരെ നഷ്‌ടപ്പെട്ടപ്പോള്‍ സമ്മര്‍ദ്ദത്തിലായ ചെന്നൈ ബാറ്റ്‌സ്മാന്‍മാര്‍ റണ്‍സ് കണ്ടെത്താന്‍ വിഷമിച്ചു.
വാട്‌സണ്‍ (50), റായുഡു (30), ഡു പ്ലെസി (17) എന്നിങ്ങനെയാണ് ചെന്നൈയുടെ മുന്‍നിര ബാറ്റ്സ്‌മാന്‍മാരുടെ പ്രകടനം. 11 റണ്‍സെടുത്ത് ധോണിയും 17 റണ്‍സെടുത്ത് സാം കറനും പുറത്തായതോടെ ചെന്നൈ പ്രതിരോധത്തിലായി. രവീന്ദ്ര ജഡേജയും കേദാര്‍ ജാദവും ക്രീസില്‍ ഉണ്ടായിരുന്നെങ്കിലും അവര്‍ക്ക് വിജയത്തിലേക്ക് കുതിക്കാനായില്ല. അവസാന ഓവറില്‍ 26 റണ്‍സാണ് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ 15 റണ്‍സെടുക്കാനേ ചെന്നൈ പോരാളികള്‍ക്ക് കഴിഞ്ഞുള്ളൂ.