അങ്ങനങ്ങ് എഴുതി‌തള്ളല്ലെ, 2010 സീസൺ നിങ്ങൾക്കോർമയില്ലെ..

അഭിറാം മനോഹർ| Last Modified തിങ്കള്‍, 12 ഒക്‌ടോബര്‍ 2020 (14:20 IST)
ഐപിഎല്ലിന്റെ പതിമൂന്നാം സീസൺ പാതി പിന്നിട്ടിരിക്കെ ഏതെല്ലാം ടീമുകളായിരിക്കും പ്ലേ ഓഫിലെത്തുക എന്ന കണക്കുകൂട്ടലുകളിലാണ് ക്രിക്കറ്റ് ആരാധകർ. ഐപിഎല്ലിലെ വമ്പന്മാരായ ചെന്നൈ സൂപ്പർ കിങ്‌സാകട്ടെ ഈ സീസണിൽ തങ്ങളുടെ ഏറ്റവും മോശം ഫോമിലാണ്. ഏഴ് മത്സരങ്ങളിൽ രണ്ടെണ്ണം വിജയിക്കുവാൻ മാത്രമെ ചെന്നൈക്കായിട്ടുള്ളു. ഈ അവസ്ഥയിൽ ചെന്നൈ പ്ലേ ഓഫ് കളിക്കാൻ സാധ്യതകൾ വിദൂരമാണ്. എന്നാൽ അങ്ങനെ ചെന്നൈയെ എഴുതിതള്ളാനും നമുക്കാവില്ല.

ഐപിഎല്ലിന്റെ കഴിഞ്ഞ 12 സീസണുകളും നോക്കിയാല്‍ പലപ്പോഴും പോയിന്റ് പട്ടികയില്‍ നാലും അഞ്ചും സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്യുന്ന ടീമുകള്‍ക്കു തുല്യ പോയിന്റാണ് ഉണ്ടാവാറുള്ളതെന്ന് കാണാം. അങ്ങനെ വരുമ്പോള്‍ നെറ്റ് റണ്‍റേറ്റാണ് പ്ലേഓഫില്‍ ആരു കളിക്കണമെന്നതില്‍ നിര്‍ണായകമാവുക.നിലവിലെ പോയിന്റ് പട്ടിക നോക്കിയാല്‍ നാലാംസ്ഥാനക്കാരായ ആര്‍സിബിയേക്കാള്‍ മികച്ച നെറ്റ് റണ്‍റേറ്റാണ് സിഎസ്‌കെയ്ക്കുള്ളത്.

2010ലും സമാനമായ സ്ഥിതിയാണ് ചെന്നൈ നേരിട്ടത്. അന്ന് ഏഴ് മത്സരങ്ങൾ കഴിഞ്ഞപ്പോൾ രണ്ട് വിജയങ്ങൾ മാത്രമാണ് ചെന്നൈക്ക് നേടാൻ കഴിഞ്ഞിരുന്നത്. എന്നാൽ ശേഷിച്ച ഏഴു കളികളില്‍ അഞ്ചിലും ജയിച്ച് സിഎസ്‌കെ സെമി ഫൈനലിലേക്കു മുന്നേറി. സെമിയും കടന്ന് കലാശക്കളിയിലും ജയിച്ച് കന്നിക്കിരീടവും സ്വന്തമാക്കിയാണ് അന്ന് ചെന്നൈ വിമർശകരുടെ വായടപ്പിച്ചത്. സമാനമായ തിരിച്ചുവരവ് ചെന്നൈ നടത്തുമെന്നാണ് ചെന്നൈ ആരാധകരും കരുതുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :