അഭിറാം മനോഹർ|
Last Modified ചൊവ്വ, 16 ഏപ്രില്‍ 2024 (14:05 IST)
കഴിഞ്ഞയാഴ്ച മുംബൈ ഇന്ത്യന്‍സും ആര്‍സിബിയും തമ്മില്‍ നടന്ന ഐപിഎല്‍ മത്സരത്തില്‍ ടോസിനിടെ സംഭവിച്ച കാര്യങ്ങള്‍ ക്രിക്കറ്റ് ലോകത്ത് വലിയ ചര്‍ച്ചയായിരുന്നു. ആര്‍സിബി മുംബൈ മത്സരത്തില്‍ മുംബൈയ്ക്ക് അനുകൂലമായി പല തീരുമാനങ്ങളും അമ്പയര്‍മാര്‍ എടുത്തിരുന്നു. ഇതിന് പിന്നാലെ ടോസ് സമയത്തും മാച്ച് റഫറിയുടെ ഭാഗത്ത് നിന്ന് മുംബൈയെ സഹായിക്കുന്ന സ്ഥിതിയുണ്ടായതായി വാര്‍ത്തകളുണ്ടായിരുന്നു. ആര്‍സിബി മുംബൈ മത്സരത്തിലെ ടോസ് ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു.
ഐപിഎല്ലില്‍ തുടര്‍തോല്‍വികളില്‍ വലഞ്ഞ മുംബൈ ഇന്ത്യന്‍സ് ആദ്യമായി വിജയിച്ചത് ഈ മത്സരത്തിലായിരുന്നു. മുംബൈയ്‌ക്കൊപ്പം അമ്പയര്‍മാരും മാച്ച് റഫറിയും ചേര്‍ന്നായിരുന്നു ആര്‍സിബിയെ തോല്‍പ്പിച്ചത് എന്ന ചര്‍ച്ചകള്‍ സജീവമായി നില്‍ക്കെ ടോസില്‍ മുംബൈ കൃത്രിമം കാണിച്ചതായി സണ്‍റൈസേഴ്‌സ് നായകന്‍ പാറ്റ് കമ്മിന്‍സിനോട് തുറന്ന് പറയുന്ന ആര്‍സിബി നായകന്‍ ഫാഫ് ഡുപ്ലെസിസിന്റെ വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. വാക്കുകള്‍ വ്യക്തമല്ലെങ്കിലും ടോസ് സമയത്ത് എന്ത് സംഭവിച്ചു എന്നതാണ് ഫാഫ് പറയുന്നതെന്ന് വീഡിയോയില്‍ വ്യക്തമാണ്. ഇതോടെ മുംബൈ അമ്പയര്‍മാരെയും മാച്ച് റഫറിമാരെയും തങ്ങളുടെ വിജയത്തിനായി ഉപയോഗിക്കുന്നുവെന്ന ചര്‍ച്ചകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. കളിച്ച് ജയിക്കണമെന്നും വിലകൊടുത്ത് നേടുന്ന വിജയങ്ങള്‍ കൊണ്ട് കാര്യമില്ലെന്നും വീഡിയോയ്ക്ക് കീഴില്‍ പലരും കമന്റുകളായി പറയുന്നുണ്ട്.