രേണുക വേണു|
Last Modified വെള്ളി, 10 മെയ് 2024 (12:16 IST)
Virat Kohli: വിരാട് കോലിയെ പോലെ ഗ്രൗണ്ടില്‍ ഇത്രത്തോളം എനര്‍ജറ്റിക് ആയി കാണുന്ന മറ്റൊരു ക്രിക്കറ്റ് താരം വേറെയില്ല. ബാറ്റിങ്ങില്‍ മാത്രമല്ല ഫീല്‍ഡിങ്ങിലും കോലി എപ്പോഴും ആക്ടീവ് ആയിരിക്കും. അങ്ങനെയൊരു കാഴ്ചയ്ക്കാണ് ധരംശാല സ്റ്റേഡിയം ഇന്നലെ സാക്ഷ്യം വഹിച്ചത്. കോലിയുടെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും പഞ്ചാബ് കിങ്‌സും തമ്മിലുള്ള മത്സരത്തിനിടെയാണ് സംഭവം. പഞ്ചാബ് താരം റിലീ റോസ്വോ പുറത്തായപ്പോള്‍ 'ഗണ്‍ സെലിബ്രേഷന്‍' നടത്തുകയായിരുന്നു കോലി.
ആദ്യം ബാറ്റ് ചെയ്ത റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു 242 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമാണ് പഞ്ചാബിനു മുന്നില്‍ വച്ചുനീട്ടിയത്. മറുപടി ബാറ്റിങ്ങില്‍ പഞ്ചാബിന് മികച്ച തുടക്കം ലഭിച്ചതാണ്. 23 ബോളില്‍ നിന്ന് അര്‍ധ സെഞ്ചുറി നേടിയ റിലീ റോസ്വോ ആര്‍സിബിക്ക് വന്‍ ഭീഷണി ഉയര്‍ത്തിയതാണ്. അര്‍ധ സെഞ്ചുറി നേടിയതിനു പിന്നാലെ റോസ്വോ 'ഗണ്‍ സെലിബ്രേഷന്‍' നടത്തിയിരുന്നു. ബാറ്റുകൊണ്ടാണ് റോസ്വോ ഗണ്‍ സെലിബ്രേഷന്‍ നടത്തിയത്. ഒടുവില്‍ 27 പന്തില്‍ ഒന്‍പത് ഫോറും മൂന്ന് സിക്‌സും സഹിതം 61 റണ്‍സ് നേടി റോസ്വോ പുറത്തായി.
കരണ്‍ ശര്‍മയുടെ പന്തില്‍ വില്‍ ജാക്‌സ് ക്യാച്ചെടുത്താണ് റോസ്വോ പുറത്തായത്. ഉടന്‍ തന്നെ 'ഗണ്‍ സെലിബ്രേഷന്‍' നടത്തി കോലി കളം പിടിച്ചു. റോസ്വോയുടെ അര്‍ധ സെഞ്ചുറി ആഘോഷത്തിനു അതേ നാണയത്തില്‍ മറുപടി നല്‍കുകയായിരുന്നു കോലി. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.