രേണുക വേണു|
Last Modified തിങ്കള്‍, 28 ഏപ്രില്‍ 2025 (10:26 IST)
Virat Kohli vs KL Rahul: ഇങ്ങോട്ട് കിട്ടിയതെല്ലാം പലിശ സഹിതം തിരിച്ചുകൊടുത്താണ് വിരാട് കോലിക്ക് ശീലം. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു താരമായ കോലി ഇന്നലെ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ ജയിച്ച ശേഷം അങ്ങനെയൊരു 'പക' വീട്ടി. ക്രിക്കറ്റ് ആരാധകരെ ഒന്നടങ്കം ചിരിപ്പിച്ചുകൊണ്ടായിരുന്നു കോലിയുടെ ആ മധുര 'പ്രതികാരം'.
ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു തോല്‍പ്പിച്ചത്. നേരത്തെ ബെംഗളൂരുവിന്റെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമിയില്‍ ഡല്‍ഹി വിജയം സ്വന്തമാക്കിയിരുന്നു. അന്ന് ബെംഗളൂരു സ്വദേശിയായ ഡല്‍ഹി ക്യാപിറ്റല്‍സ് താരം കെ.എല്‍.രാഹുല്‍ 'ഹോം ഗ്രൗണ്ട്' സെലിബ്രേഷന്‍ നടത്തിയതിനു പകരമായി ഡല്‍ഹി സ്വദേശിയായ കോലി ഇന്നലെ രാഹുലിനു മുന്നില്‍ വെച്ച് സമാന ആഘോഷപ്രകടനം ആവര്‍ത്തിച്ചു.
മത്സരശേഷം രാഹുലിനു അടുത്തെത്തി ഗ്രൗണ്ടില്‍ വട്ടം വരച്ചായിരുന്നു കോലിയുടെ രസകരമായ പ്രതികാരം. ഇതുകണ്ട് രാഹുല്‍ ചിരിക്കുന്നതും വീഡിയോയില്‍ കാണാം. പിന്നീട് രാഹുലിനെ ആലിംഗനം ചെയ്യാനും സൗഹൃദം പങ്കുവയ്ക്കാനും കോലി മറന്നില്ല.
ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റ് ചെയ്ത ആതിഥേയര്‍ നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ 18.3 ഓവറില്‍ ആറ് വിക്കറ്റ് ശേഷിക്കെ ആര്‍സിബി ലക്ഷ്യം കണ്ടു. ക്രുണാല്‍ പാണ്ഡ്യ (47 പന്തില്‍ പുറത്താകാതെ 73), വിരാട് കോലി (47 പന്തില്‍ 51) എന്നിവര്‍ അര്‍ധ സെഞ്ചുറി നേടി.