Ravindra Jadeja: 'ഓവര്‍ റേറ്റഡ്, കളി എന്നേ നിര്‍ത്തേണ്ടതായിരുന്നു'; ജഡേജയ്‌ക്കെതിരെ ചെന്നൈ ആരാധകരും

ബാറ്റിങ്ങിലും ബൗളിങ്ങിലും ശരാശരി പ്രകടനം മാത്രമാണ് ജഡേജ ഈ സീസണില്‍ നടത്തിയിരിക്കുന്നത്

Ravindra jadeja
Ravindra jadeja
രേണുക വേണു| Last Modified ശനി, 26 ഏപ്രില്‍ 2025 (12:11 IST)

Ravindra Jadeja: ഈ സീസണില്‍ പ്ലേ ഓഫ് കാണാതെ പുറത്താകുമെന്ന് ഉറപ്പായതോടെ മുതിര്‍ന്ന താരം രവീന്ദ്ര ജഡേജയ്‌ക്കെതിരെ ആരാധകര്‍. ഈ സീസണിലെ ഏറ്റവും വലിയ നഷ്ടക്കച്ചവടമാണ് ജഡേജയെന്ന് ചെന്നൈ ആരാധകര്‍ തന്നെ പരിഹസിക്കുന്നു. ജഡേജയെ നിലനിര്‍ത്താന്‍ ഫ്രാഞ്ചൈസ് തീരുമാനിച്ചപ്പോള്‍ മുതല്‍ ആരാധകരില്‍ അതൃപ്തിയുണ്ടായിരുന്നു.

ബാറ്റിങ്ങിലും ബൗളിങ്ങിലും ശരാശരി പ്രകടനം മാത്രമാണ് ജഡേജ ഈ സീസണില്‍ നടത്തിയിരിക്കുന്നത്. ബാറ്റിങ്ങില്‍ ഒന്‍പത് മത്സരങ്ങളില്‍ നിന്ന് 27.67 ശരാശരിയില്‍ നേടിയിരിക്കുന്നത് 166 റണ്‍സ് മാത്രമാണ്. 125.76 ആണ് സ്‌ട്രൈക് റേറ്റ്. നിര്‍ണായക സമയത്ത് ക്രീസിലെത്തിയാലും ടീമിനായി വേണ്ടത്ര ഇംപാക്ട് ഉണ്ടാക്കാന്‍ ജഡേജയ്ക്കു സാധിച്ചിട്ടില്ല.

ബൗളിങ്ങിലും സ്ഥിതി വ്യത്യസ്തമല്ല. ഒന്‍പത് കളികളില്‍ 8.23 ഇക്കോണമിയില്‍ വീഴ്ത്തിയിരിക്കുന്നത് ആറ് വിക്കറ്റുകള്‍ മാത്രം. കഴിഞ്ഞ സീസണിലും ജഡേജയുടെ ബാറ്റിങ്, ബൗളിങ് പ്രകടനം ശരാശരി മാത്രമായിരുന്നു. മെഗാ താരലേലത്തിനു മുന്നോടിയായി 18 കോടിക്കാണ് ജഡേജയെ ചെന്നൈ നിലനിര്‍ത്തിയത്. ഒരുപക്ഷേ താരത്തെ റിലീസ് ചെയ്ത ശേഷം ഈ തുകയ്ക്കു രണ്ട് യുവ ഓള്‍റൗണ്ടര്‍മാരെ സ്വന്തമാക്കാനുള്ള അവസരം ചെന്നൈയ്ക്കുണ്ടായിരുന്നു. എന്നാല്‍ മഹേന്ദ്രസിങ് ധോണി, രവീന്ദ്ര ജഡേജ എന്നിവര്‍ക്കായി വന്‍ തുക മുടക്കി 'വിന്റേജ്' വികാരം നിലനിര്‍ത്താനാണ് മാനേജ്‌മെന്റ് ശ്രമിച്ചത്. ആ തീരുമാനം പാളിപ്പോയെന്നാണ് ആരാധകരുടെ പ്രതികരണത്തില്‍ നിന്നടക്കം വ്യക്തമാകുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :