അഭിറാം മനോഹർ|
Last Modified വ്യാഴം, 17 ഒക്‌ടോബര്‍ 2024 (11:24 IST)
ഐപിഎല്‍ 2025 താരലേലത്തിന് മുന്‍പായി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നിലനിര്‍ത്തുന്ന കളിക്കാരുടെ പട്ടികയായി. ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരമായ ഹെന്റിച്ച് ക്ലാസനെ ഹൈദരാബാദ് 23 കോടി മുടക്കി നിലനിര്‍ത്തുമെന്ന് പ്രമുഖ കായിക മാധ്യമമായ ക്രിക്കിന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു.
18 കോടി രൂപയ്ക്ക് നായകന്‍ പാറ്റ് കമ്മിന്‍സിനെയും 14 കോടി രൂപയ്ക്ക് യുവതാരം അഭിഷേക് ശര്‍മയേയും ടീം നിലനിര്‍ത്തും. ട്രാവിസ് ഹെഡ്, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവരെയും ടീം നിലനിര്‍ത്തുമെന്നാണ് സൂചനകള്‍. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ 12 കളികളില്‍ നിന്നും 448 റണ്‍സാണ് ക്ലാസന്‍ നേടിയത്. പേസ് ബൗളിംഗിലും ക്യാപ്റ്റനെന്ന നിലയിലും മികച്ച പ്രകടനമായിരുന്നു പാറ്റ് കമ്മിന്‍സ് നടത്തിയത്. അതേസമയം ഹൈദരാബാദിന്റെ ഭാവിയിലേക്കുള്ള താരങ്ങളായാണ് അഭിഷേക് ശര്‍മയേയും നിതീഷ് കുമാര്‍ റെഡ്ഡിയേയും ടീം പരിഗണിക്കുന്നത്.
എന്നാല്‍ ഈ താരങ്ങളെ നിലനിര്‍ത്താന്‍ മാത്രം ഹൈദരാബാദ് തങ്ങളുടെ പോക്കറ്റിലെ 70 ശതമാനവും ചെലവഴിക്കേണ്ടതായി വരും. ശേഷിക്കുന്ന 30 ശതമാനം തുക മാത്രമാകും ഇതോടെ ഹൈദരാബാദിന് ലേലത്തില്‍ ചെലവഴിക്കാനാവുക. ഈ തുകയില്‍ നിന്ന് മികച്ച പേസര്‍മാരെയും ഓള്‍ റൗണ്ടര്‍മാരെയും വിളിച്ചെടുക്കുക എന്നത് ഹൈദരാബാദിന് പ്രയാസകരമായി തീരും. എന്നാല്‍ കഴിഞ്ഞ ഐപിഎല്ലിലെ പ്രധാനതാരങ്ങളെ വിട്ടുനല്‍കാനും ഹൈദരാബാദിനാവില്ല.