അഭിറാം മനോഹർ|
Last Updated:
ബുധന്‍, 3 ഏപ്രില്‍ 2024 (20:24 IST)
ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ മത്സരത്തില്‍ തകര്‍ത്തടിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്തയ്ക്കായി മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ ഫില്‍ സാല്‍ട്ടും സുനില്‍ നരെയ്‌നും ചേര്‍ന്ന് നല്‍കിയത്. കാലമേറെ കഴിഞ്ഞിട്ടും തന്റെ പവര്‍ ഹിറ്റിംഗില്‍ യാതൊരു മാറ്റവും വന്നിട്ടില്ലെന്ന് തെളിയിച്ചുകൊണ്ടായിരുന്നു സുനില്‍ നരെയ്‌നിന്റെ പ്രകടനം. പവര്‍ പ്ലേ മുതലാക്കി ഡല്‍ഹിബൗളര്‍മാരെ തലങ്ങും വിലങ്ങും പ്രഹരിച്ച സുനില്‍ നരെയ്‌നാണ് പവര്‍ പ്ലേ അവസാനിക്കുമ്പോള്‍ ടീമിനെ ശക്തമായ നിലയിലെത്തിച്ചത്.
നേരത്തെ 12 പന്തില്‍ 18 റണ്‍സുമായി സഹ ഓപ്പണറായ ഫില്‍ സാള്‍ട്ട് പുറത്തായെങ്കിലും നരെയ്ന്‍ തന്റെ നരനായാട്ട് തുടരുകയായിരുന്നു. ഡല്‍ഹി ബൗളര്‍മാരെ യാതൊരു കരുണയുമില്ലാതെയാണ് സുനില്‍ നരെയ്ന്‍ പ്രഹരിച്ചത്. ഇഷാന്ത് ശര്‍മ രണ്ടോവറില്‍ 35 റണ്‍സും റസിഖ് സലാം ഒരോവറില്‍ 18 റണ്‍സുമാണ് വിട്ടുനല്‍കിയത്. 21 പന്തിലായിരുന്നു നരെയ്‌നിന്റെ അര്‍ധസെഞ്ചുറി.