രേണുക വേണു|
Last Modified വെള്ളി, 5 ഏപ്രില്‍ 2024 (08:23 IST)
Shashank Singh: ശശാങ്ക് സിങ്ങിനെ ആളുമാറി ലേലത്തില്‍ വിളിച്ചതിനു പഞ്ചാബ് കിങ്‌സ് തന്നെ തലയില്‍ കൈവെച്ചു. 32 കാരനായ ശശാങ്ക് ഇതിന്റെ പേരില്‍ കുറേ ട്രോള്‍ ചെയ്യപ്പെട്ടിട്ടുമുണ്ട്. ഇപ്പോള്‍ ഇതാ പഞ്ചാബിന്റെ ഹീറോയായി തിളങ്ങി നില്‍ക്കുകയാണ് താരം. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ പഞ്ചാബ് തോല്‍വി ഉറപ്പിച്ചതാണ്. 29 പന്തില്‍ ആറ് ഫോറും നാല് സിക്‌സും സഹിതം 61 റണ്‍സുമായി പുറത്താകാതെ നിന്ന ശശാങ്ക് പഞ്ചാബിനെ വിജയത്തിലെത്തിച്ചു. കളിയിലെ താരവും ശശാങ്ക് തന്നെ.
ഈ സീസണില്‍ നാല് മത്സരങ്ങളില്‍ നിന്ന് 202.22 സ്‌ട്രൈക്ക് റേറ്റില്‍ 91 റണ്‍സാണ് ശശാങ്ക് അടിച്ചുകൂട്ടിയത്. മൂന്ന് കളികളില്‍ പുറത്താകാതെ നിന്നു. പവര്‍ ഹിറ്റര്‍ എന്നാണ് ശശാങ്കിനു കിട്ടിയിരിക്കുന്ന വിശേഷണം.
ഡിസംബര്‍ 19 ന് നടന്ന ഐപിഎല്‍ താരലേലത്തില്‍ ആളുമാറി പഞ്ചാബ് വിളിച്ചെടുത്ത താരമാണ് ശശാങ്ക്. പഞ്ചാബിനായി ലേലം വിളിക്കാന്‍ എത്തിയ ഫ്രാഞ്ചൈസി ഉടമ പ്രീതി സിന്റയും നെസ് വാദിയയും തങ്ങള്‍ക്ക് ആളുമാറി എന്നുപറഞ്ഞ് കുറേ തര്‍ക്കിച്ചിരുന്നു. ലേലം നിയന്ത്രിച്ചിരുന്ന മല്ലിക സാഗര്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറായില്ല. പേര് കേട്ടപ്പോള്‍ ആളുമാറിയതാണെന്നും ലേലം പിന്‍വലിക്കണമെന്നും ആയിരുന്നു പഞ്ചാബിന്റെ ആവശ്യം.
ലേലം വിവാദമായതോടെ പഞ്ചാബ് തന്നെ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. ' ലേല പട്ടികയിലെ ഒരേ പേരിലുള്ള രണ്ട് താരങ്ങള്‍ കാരണം കണ്‍ഫ്യൂഷന്‍ ആയതാണ്. ഞങ്ങള്‍ക്ക് ആവശ്യമുള്ള ശശാങ്ക് സിങ്ങിനെ തന്നെയാണ് ഇപ്പോള്‍ വിളിച്ചെടുത്തിരിക്കുന്നത്. ചില നല്ല പ്രകടനങ്ങള്‍ അദ്ദേഹം നടത്തിയിട്ടുണ്ട്. ആ മികവിനെ കൂടുതല്‍ മെച്ചപ്പെടുത്താന്‍ ഞങ്ങള്‍ തയ്യാറാണ്' പഞ്ചാബ് സിഇഒ സതീഷ് മേനോന്‍ എക്‌സില്‍ പറഞ്ഞു.
ടി 20 ഫോര്‍മാറ്റില്‍ 58 ആഭ്യന്തര മത്സരങ്ങള്‍ ശശാങ്ക് കളിച്ചിട്ടുണ്ട്. 137.34 സ്‌ട്രൈക്ക് റേറ്റില്‍ 754 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്.