രേണുക വേണു|
Last Modified വെള്ളി, 28 മാര്‍ച്ച് 2025 (08:37 IST)
Shardul Thakur: ഐപിഎല്‍ മെഗാ താരലേലത്തില്‍ അണ്‍സോള്‍ഡായ കളിക്കാരനാണ് ശര്‍ദുല്‍ താക്കൂര്‍. ഐപിഎല്‍ തുടങ്ങാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് അണ്‍സോള്‍ഡ് താരങ്ങളുടെ പട്ടികയില്‍ നിന്ന് അടിസ്ഥാന വില നല്‍കി ലഖ്‌നൗ ശര്‍ദുല്‍ താക്കൂറിനെ സ്വന്തമാക്കിയത്. സണ്‍റൈസേഴ്‌സ് ഹൈദരബാദിനെതിരായ മത്സരത്തില്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തി ശര്‍ദുല്‍ ലഖ്‌നൗവിന്റെ വിജയശില്‍പ്പിയാകുകയും തന്റെ ഉള്ളിലെ പോരാട്ടത്തിന്റെ അഗ്നി അണഞ്ഞിട്ടില്ലെന്നും തെളിയിച്ചു.
ഹൈദരബാദിന്റെ പേരുകേട്ട ബാറ്റിങ് നിരയ്‌ക്കെതിരെ നാല് ഓവറില്‍ 34 റണ്‍സ് വഴങ്ങിയാണ് താക്കൂര്‍ നാല് വിക്കറ്റ് വീഴ്ത്തിയത്. ശര്‍ദുല്‍ തന്നെയാണ് കളിയിലെ താരവും. ലീഗിലെ രണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ ആറ് വിക്കറ്റുകളുമായി പര്‍പ്പിള്‍ ക്യാപ്പ് ഉടമയാണ് താക്കൂര്‍. ഇതുവരെ ആറ് ഓവറില്‍ വിട്ടുകൊടുത്തത് 36 റണ്‍സും.
ബൗളര്‍ മൊഹ്‌സിന്‍ ഖാന്‍ പരുക്കേറ്റ് പുറത്തായതോടെയാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ശര്‍ദുല്‍ താക്കൂറിനെ സ്വന്തമാക്കിയത്. അണ്‍സോള്‍ഡായ ശേഷം തന്നെ ആദ്യം സമീപിച്ചത് ലഖ്‌നൗ ആണെന്ന് ശര്‍ദുല്‍ വെളിപ്പെടുത്തി.
' ഇതെല്ലാം ക്രിക്കറ്റില്‍ സംഭവിക്കുന്ന കാര്യങ്ങളാണ്. താരലേലം നടന്ന ദിവസം എനിക്കൊരു മോശം ദിവസമായിരുന്നു. ഒരു ഫ്രാഞ്ചൈസും എന്നെ സ്വന്തമാക്കിയില്ല. ബൗളര്‍മാരുടെ പരുക്കിനെ തുടര്‍ന്ന് എന്നെ ആദ്യം സമീപിച്ചത് ലഖ്‌നൗ ആണ്. ഞാന്‍ ആ അവസരം സ്വീകരിച്ചു. കളി ജയിക്കുകയാണ് എന്നെ സംബന്ധിച്ചിടുത്തോളം ഏറ്റവും വലുത്, അല്ലാതെ വിക്കറ്റുകളുടെയും റണ്‍സുകളുടെയും കോളം നോക്കാറില്ല,' താക്കൂര്‍ പറഞ്ഞു.