രേണുക വേണു|
Last Modified ശനി, 23 ഏപ്രില്‍ 2022 (10:43 IST)
ടീമിനെ ഹൃദയം കൊണ്ട് നയിക്കുന്ന ക്യാപ്റ്റനെന്ന വിശേഷണം നേടിയെടുത്തിരിക്കുകയാണ് രാജസ്ഥാന്‍ നായകനും മലയാളി താരവുമായ സഞ്ജു സാംസണ്‍. ഒരു നായകന്‍ എങ്ങനെയായിരിക്കണമെന്ന് തന്റെ ശരീരഭാഷ കൊണ്ടും സഹതാരങ്ങളോടുള്ള സമീപനം കൊണ്ടും സഞ്ജു കളിക്കളത്തില്‍ പ്രകടമാക്കുന്നുണ്ട്. സഞ്ജുവിന്റെ ക്യാപ്റ്റന്‍സിയെ കുറിച്ച് പ്രമുഖ ക്രിക്കറ്റ് നിരീക്ഷകനും എഴുത്തുകാരനുമായ സന്ദീപ് ദാസ് എഴുതിയ കുറിപ്പാണ് ഇപ്പോള്‍ സഞ്ജു ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. സഞ്ജുവിനെ പുകഴ്ത്താന്‍ എന്തിനാണ് മടിയെന്ന് സന്ദീപ് ദാസ് തന്റെ കുറിപ്പില്‍ ചോദിക്കുന്നു.
ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം വായിക്കാം
സഞ്ജു സാംസണ്‍ എന്ന മലയാളി തികച്ചും അഭിമാനകരമായ രീതിയില്‍ ഒരു ഐ.പി.എല്‍ ടീമിനെ നയിക്കുന്നുണ്ട്. ഈ വരികള്‍ എഴുതുമ്പോള്‍ സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ് പോയിന്റ് ടേബിളിന്റെ തലപ്പത്തുണ്ട്. പക്ഷേ ക്യാപ്റ്റന് അര്‍ഹിക്കുന്ന പ്രശംസ ലഭിക്കുന്നില്ല. രാജസ്ഥാന്റെ മുന്നേറ്റത്തില്‍ സഞ്ജുവിന് യാതൊരു പങ്കും ഇല്ല എന്ന് വരുത്തിത്തീര്‍ക്കാനാണ് പലര്‍ക്കും താത്പര്യം!
ഡല്‍ഹിയ്‌ക്കെതിരായ മത്സരത്തിലെ അവസാന ഓവറില്‍ സഞ്ജു കാണിച്ച ആറ്റിറ്റിയൂഡ് അയാളിലെ നായകനെ അടയാളപ്പെടുത്തുന്നുണ്ട്. തുടരെ ആറു സിക്‌സറുകള്‍ പായിച്ച് പവല്‍ ഡെല്‍ഹിയെ ജയിപ്പിക്കും എന്ന തോന്നല്‍ ഉളവായ സമയം. കിട്ടാതെ പോയ ഒരു നോബോളിന്റെ(?) പേരില്‍ ഡെല്‍ഹി താരങ്ങള്‍ കളി നിര്‍ത്തിപ്പോകാന്‍ പോലും തുനിഞ്ഞ ഘട്ടം. ആ സമയത്ത് രാജസ്ഥാന്റെ കോച്ചിങ് സ്റ്റാഫിലുള്ള സംഗക്കാരയും മലിംഗയും പരിഭ്രമിച്ചിരുന്നു. പൊതുവെ ശാന്തനായ ജോസ് ബട്‌ലര്‍ ഡെല്‍ഹി നായകനായ ഋഷഭ് പന്തിനോട് കയര്‍ത്തിരുന്നു. പക്ഷേ സഞ്ജു കൂള്‍ ആയിരുന്നു. അയാളുടെ മുഖത്ത് ഒരു ചിരിയുണ്ടായിരുന്നു.
നായകന്റെ ധൈര്യം തന്നെയാണ് രാജസ്ഥാന് പ്രചോദനമായത്. പവലിന്റെ ബാറ്റിന്റെ ചൂടറിഞ്ഞ മക്കോയ് എന്ന ബോളറെ സഞ്ജു ആശ്വസിപ്പിച്ചു. തൊട്ടുപിന്നാലെ മക്കോയ് ഒരു ഡോട്ട് ബോളെറിഞ്ഞു. രാജസ്ഥാന്റെ വിജയം അവിടെ ഉറപ്പാക്കപ്പെട്ടു.
അതിന് തൊട്ടുമുമ്പുള്ള ഓവര്‍ പ്രസിദ് കൃഷ്ണ വിക്കറ്റ് മെയ്ഡനാക്കിയിരുന്നു. പ്രസിദിന്റെ തോളില്‍ കൈയ്യിട്ട് പ്രോത്സാഹിപ്പിക്കുന്ന സഞ്ജുവിനെ അപ്പോള്‍ കണ്ടിരുന്നു. സഞ്ജു ടീമിനെ ഹൃദയംകൊണ്ടാണ് നയിക്കുന്നത്. മാന്‍ മാനേജ്‌മെന്റിന്റെ കാര്യത്തില്‍ സഞ്ജു അസാമാന്യമായ വൈഭവമാണ് കാണിക്കുന്നത്. ഷിംറോണ്‍ ഹെറ്റ്മയര്‍ എന്ന വിന്‍ഡീസ് താരത്തെ നോക്കൂ. അയാള്‍ പല ഐ.പി.എല്‍ ടീമുകള്‍ക്കുവേണ്ടിയും കളിച്ചിട്ടുണ്ട്. പക്ഷേ ഹെറ്റ്മയറുടെ കഴിവുകളെ പൂര്‍ണ്ണമായും പുറത്തുകൊണ്ടുവന്നത് രാജസ്ഥാനാണ്. ഹെറ്റ്മയറുടെ ഫീല്‍ഡിലെ ചലനങ്ങളില്‍ വല്ലാത്ത ആത്മാര്‍ത്ഥത കാണാം.
ആര്‍.സി.ബിയില്‍ തുടരാനുള്ള ആഗ്രഹം പരസ്യമായി പ്രകടിപ്പിച്ച ആളാണ് ചഹല്‍. പക്ഷേ ഇപ്പോള്‍ ജലാശയത്തിലെ മത്സ്യത്തെപ്പോലെ ചഹല്‍ രാജസ്ഥാനുമായി ഇഴുകിച്ചേര്‍ന്നിരിക്കുന്നു. ജോസ് ബട്‌ലറുടെ ഏറ്റവും മികച്ച ഐ.പി.എല്‍ സീസണ്‍ ഇതാണ്.
ഇതിലൊന്നും ക്യാപ്റ്റന് യാതൊരു റോളുമില്ല എന്ന് വിശ്വസിക്കുന്നവര്‍ ക്രിക്കറ്റിനെപ്പറ്റി അജ്ഞരാണ്. ടീം അംഗങ്ങളുടെ റോള്‍ തിരിച്ചറിയുക,അവരെ കംഫര്‍ട്ടബിള്‍ ആക്കുക തുടങ്ങിയവയെല്ലാം ക്യാപ്റ്റന്‍സിയിലെ അതിപ്രധാന ഗുണങ്ങളാണ്. ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റിലെ വിക്കറ്റ് കീപ്പിങ്ങിന്റെ കാര്യത്തില്‍ എം.എസ് ധോനി ഒരു ബെഞ്ച്മാര്‍ക്ക് സൃഷ്ടിച്ചുവെച്ചിട്ടുണ്ട്. സ്ട്രീറ്റ് സ്മാര്‍ട് തന്ത്രങ്ങളായിരുന്നു ധോനിയുടെ കരുത്ത്. ഗുരുവായി കാണുന്ന ധോനിയില്‍നിന്ന് പല അടവുകളും സഞ്ജു പഠിച്ചിട്ടുണ്ട്.
ശാര്‍ദ്ദൂല്‍ താക്കൂറിന്റെ റണ്ണൗട്ട് ഏറ്റവും നല്ല ഉദാഹരണമാണ്. ത്രോ മറ്റേ എന്‍ഡിലേയ്ക്കാണ് പോവുന്നത് എന്ന തെറ്റിദ്ധാരണ ഒരു നിമിഷനേരത്തേയ്ക്ക് താക്കൂറിനുണ്ടായി. സഞ്ജുവിന്റെ കൗശലംനിറഞ്ഞ ശരീരഭാഷയാണ് താക്കൂറിനെ വെട്ടിലാക്കിയത്. താക്കൂറിന് കൈമോശംവന്ന ആ ഒരു നിമിഷത്തെ മുതലെടുത്ത് സഞ്ജു റണ്ണൗട്ട് പൂര്‍ത്തിയാക്കുകയും ചെയ്തു. സഞ്ജുവിന്റെ ബാറ്റിങ്ങും ഉജ്ജ്വലമായിരുന്നു. ഖലീല്‍ അഹമ്മദിന്റെ പന്ത് സഞ്ജുവിന്റെ ഹെല്‍മറ്റില്‍ ഇടിച്ചപ്പോള്‍ ടീം ഫിസിയോ പാഞ്ഞെത്തിയതാണ്. പക്ഷേ ഖലീലിന്റെ തുടര്‍ന്നുള്ള പന്തുകളെല്ലാം നിലംതൊട്ടും നിലംതൊടാതെയും ഗാലറി കണ്ടു!
വഖാര്‍ യുനീസിന്റെ പന്ത് മൂക്കില്‍ കൊണ്ട് പരിക്കേറ്റിട്ടും ടീമിന് വേണ്ടി പടപൊരുതിയ സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ കഥ നമുക്കറിയാം. സഞ്ജുവും തന്റേതായ ഒരു കഥ ചമയ്ക്കുകയാണ്. ബട്‌ലര്‍ എന്ന മഹാപ്രതിഭ നിറഞ്ഞാടുമ്പോഴും
സഞ്ജുവിന്റെ പ്രഭാവം കുറയുന്നില്ല. അത്രയേറെ ഗിഫ്റ്റഡ് ആണ് സഞ്ജു. അതാണ് അയാളുടെ ഏറ്റവും വലിയ പ്രസക്തിയും. ഇന്ത്യന്‍ ക്രിക്കറ്റിന്റെ തലസ്ഥാനം എന്ന് അറിയപ്പെടുന്ന നഗരമാണ് മുംബൈ. ഒരുകാലത്ത് മലയാളികള്‍ക്ക് അവിടെ യാതൊരു റോളും ഇല്ലായിരുന്നു.
1983 ലോകകപ്പ് ജയിച്ച ടീമില്‍ മലയാളിയായ സുനില്‍ വാസനുണ്ടായിരുന്നു എന്ന് പറഞ്ഞ് ആശ്വസിച്ചിരുന്ന ജനതയായിരുന്നു നാം. ഇന്ന് മുംബൈയിലെ മൈതാനങ്ങളെ ഒരു മലയാളിയുടെ ടീം അടക്കി ഭരിക്കുകയാണ്. പ്രശംസിക്കുന്ന കാര്യത്തില്‍ പിശുക്ക് കാണിക്കേണ്ടതില്ല. സഞ്ജുവിനും സംഘത്തിനും ഹൃദയത്തില്‍നിന്നൊരു സല്യൂട്ട്...!