രേണുക വേണു|
Last Modified വ്യാഴം, 11 ഏപ്രില്‍ 2024 (10:51 IST)
Sanju Samson: ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തിലെ തോല്‍വിക്ക് പിന്നാലെ രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ് പിഴ. കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരിലാണ് ബിസിസിഐ സഞ്ജുവിന് 12 ലക്ഷം പിഴ ചുമത്തിയത്. ഈ സീസണില്‍ ആദ്യമായാണ് ഒരു ടീമിന് കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ പിഴ ചുമത്തുന്നത്. നിശ്ചിത സമയത്തേക്കാള്‍ അഞ്ച് മിനിറ്റ് വൈകിയാണ് രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ 19-ാം ഓവര്‍ പൂര്‍ത്തിയാക്കിയത്.
സ്ലോ ഓവര്‍ നിരക്കിനെ തുടര്‍ന്ന് രാജസ്ഥാന് അവസാന ഓവറില്‍ നാല് ഫീല്‍ഡര്‍മാരെ മാത്രമേ 30 യാര്‍ഡ് സര്‍ക്കിളിനു പുറത്ത് ഇടാന്‍ സാധിച്ചുള്ളൂ. സാധാരണ ഗതിയില്‍ അഞ്ച് ഫീല്‍ഡര്‍മാരെ പ്ലേസ് ചെയ്യാന്‍ അനുമതിയുണ്ട്. എന്നാല്‍ കുറഞ്ഞ ഓവര്‍ നിരക്ക് നേരിട്ടാല്‍ ഒരു ഫീല്‍ഡറെ 30 യാര്‍ഡ് സര്‍ക്കിളിനു പുറത്തുനിന്ന് പിന്‍വലിക്കേണ്ടി വരും.
ഈ സീസണിലെ ആദ്യ തോല്‍വിയാണ് രാജസ്ഥാന്‍ ഇന്നലെ വഴങ്ങിയത്. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ മൂന്ന് വിക്കറ്റിനാണ് രാജസ്ഥാന്‍ തോറ്റത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ഗുജറാത്ത് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ അവസാന പന്തില്‍ ലക്ഷ്യം കണ്ടു. അഞ്ചില്‍ നാല് കളികള്‍ ജയിച്ച രാജസ്ഥാന്‍ തന്നെയാണ് ഇപ്പോഴും പോയിന്റ് ടേബിളില്‍ ഒന്നാമത്.