13 വർഷം പഴക്കമുള്ള സച്ചിന്റെ റെക്കോര്‍ഡ് തൊടാന്‍ സൂര്യയ്ക്കുമായില്ല, തൊട്ടരുകിലെത്തി പരാജയപ്പെട്ട് താരം

അഭിറാം മനോഹർ| Last Modified ശനി, 27 മെയ് 2023 (10:28 IST)
ഐപിഎല്‍ ആരംഭിച്ച് 16 വര്‍ഷക്കാലത്തിനിടയില്‍ നിരവധി താരങ്ങള്‍ ഒരു സീസണില്‍ 700നും മുകളില്‍ റണ്‍സുകള്‍ നേടിയിട്ടുണ്ട്. ഈ സീസണില്‍ ആര്‍സിബിയുടെ ഫാഫ് ഡുപ്ലെസിസും ഗുജറാത്തിന്റെ ശുഭ്മാന്‍ ഗില്ലുമെല്ലാം ഈ ബെഞ്ച് മാര്‍ക്ക് മറികടന്നിരുന്നു. എന്നാല്‍ ഒരു മുംബൈ ഇന്ത്യന്‍സ് താരവും സീസണില്‍ 700 റണ്‍സിനരികിലെത്തിയിട്ടില്ല. 2010 സീസണില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ നേടിയ 618 റണ്‍സാണ് ഒരു മുംബൈ താരം ഒരു ഐപിഎല്‍ സീസണില്‍ നേടിയ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍.

രോഹിത് ശര്‍മ,ക്വിന്റണ്‍ ഡികോക്ക്,സൂര്യകുമാര്‍ യാദവ് എന്നിങ്ങനെ നിരവധി താരങ്ങള്‍ മുംബൈ ജേഴ്‌സിയില്‍ വന്നിട്ടും ഇന്നും ഈ റെക്കോര്‍ഡ് തകര്‍ത്തെറിയാന്‍ ഒരു മുംബൈ താരത്തിനും ആയിട്ടില്ല. ഇന്നലെ നടന്ന ഗുജറാത്ത് മുംബൈ മത്സരത്തില്‍ സൂര്യകുമാര്‍ യാദവ് 61 റണ്‍സിന് പുറത്തായതോടെ സച്ചിന്റെ റെക്കോര്‍ഡ് തൊടാനാകാതെ സൂര്യയും പരാജയപ്പെട്ടു. ഈ ഐപിഎല്‍ സീസണില്‍ 605 റണ്‍സാണ് സൂര്യ സ്വന്തമാക്കിയത്. ഐപിഎല്ലില്‍ നിന്നും മുംബൈ പുറത്തായതൊടെ സച്ചിന്റെ റെക്കോര്‍ഡ് ഈ വര്‍ഷവും തകര്‍ക്കാന്‍ ആവില്ലെന്നുറപ്പായി.

38 വയസ്സ് പ്രായമായിരിക്കെയാണ് സച്ചിന്‍ ഒരു സീസണില്‍ 618 റണ്‍സ് അടിച്ചെടുത്തത്. മുംബൈയ്ക്കായി ഒരു സീസണില്‍ ഏറ്റവുമധികം റണ്‍സ് എന്ന റെക്കോര്‍ഡിലെ ആദ്യ 3 സ്ഥാനങ്ങളില്‍ ഒന്നാം സ്ഥാനവും മൂന്നാം സ്ഥാനവും സച്ചിന് തന്നെയാണ്. 2011ല്‍ സച്ചിന്‍ നേടിയ 553 റണ്‍സാണ് ലിസ്റ്റില്‍ മൂന്നാം സ്ഥാനത്തുള്ളത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :