അഭിറാം മനോഹർ|
Last Modified വെള്ളി, 28 മാര്‍ച്ച് 2025 (19:45 IST)
2025ലെ ഐപിഎല്ലിലെ ആദ്യ മത്സരങ്ങളിലേറ്റ തോല്‍വിയുടെ പശ്ചാത്തലത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ വിമര്‍ശനവുമായി റോബിന്‍ ഉത്തപ്പ. രാജസ്ഥാന്‍ റോയല്‍സിന്റെ ഓക്ഷന്‍ തന്ത്രങ്ങളെയാണ് ഉത്തപ്പ നിശിതമായി വിമര്‍ശിച്ചത്. മെഗാ താരലേലത്തില്‍ 14 പേരെ തിരെഞ്ഞെടുത്തിട്ടും ടീം ബാലന്‍സ് ഉണ്ടാക്കാന്‍ രാജസ്ഥാനായിട്ടില്ലെന്ന് ഉത്തപ്പ പറയുന്നു.
ഓക്ഷനില്‍ പറ്റിയ തെറ്റിനെ പറ്റി രാജസ്ഥാന്‍ വിശകലനം ചെയ്യണമെന്നാണ് എനിക്ക് പറയാനുള്ളത്. അവര്‍ക്ക് എന്താണ് നഷ്ടമായത് എന്നത് ചിന്തിക്കണം. എന്നാല്‍ ഇനിയൊന്നും അവര്‍ക്ക് ചെയ്യാനില്ല. ബൗളിങ്ങില്‍ സന്ദീപ് ശര്‍മയേയും ആര്‍ച്ചറിനെയും രാജസ്ഥാന് വളരെയധികം ആശ്രയിക്കേണ്ടി വരുന്നു, നിരവധി പരിക്കുകളും വെല്ലുവിളികളും അതിജീവിച്ച് രണ്ടര വര്‍ഷത്തിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ആര്‍ച്ചര്‍ ക്രിക്കറ്റില്‍ മടങ്ങിവരുന്നത്. ഇത് അദ്ദേഹത്തിന്റെ മാനസിക ഘടനയേയും ആത്മവിശ്വാസത്തെയും എല്ലാം ബാധിക്കും.
ജയ്‌സ്വാള്‍ ഉത്തരവാദിത്തം ഏറ്റെടുത്ത് ടീമിനെ മുന്നില്‍ നിന്നും നയിക്കേണ്ട സമയമാണിത്. ബാറ്റിംഗിന് എളുപ്പമല്ലാത്ത പിച്ചില്‍ അദ്ദേഹം സെറ്റ് ബാറ്ററായി നില്‍ക്കണമായിരുന്നു. എന്നാല്‍ ഈ അവസരം/ സാഹചര്യം ഉപയോഗിക്കാന്‍ അവനായില്ല. ഉത്തപ്പ പറഞ്ഞു.