രേണുക വേണു|
Last Modified ബുധന്‍, 16 ഏപ്രില്‍ 2025 (09:17 IST)
Preity Zinta, Punjab Kings: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ ജയത്തില്‍ മതിമറന്ന് സന്തോഷിച്ച് പഞ്ചാബ് കിങ്‌സ് ഉടമ പ്രീതി സിന്റ. തോല്‍വി ഉറപ്പിച്ച മത്സരമാണ് പഞ്ചാബ് ബൗളര്‍മാര്‍ അവിശ്വസനീയമാം വിധം തങ്ങളുടെ വരുതിയിലേക്ക് കൊണ്ടുവന്നത്.
ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ചെറിയ സ്‌കോര്‍ പ്രതിരോധിക്കുന്ന ടീമെന്ന നേട്ടം ഇന്നലെ പഞ്ചാബ് സ്വന്തമാക്കി. ടോസ് ലഭിച്ചു ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ച ആതിഥേയര്‍ 15.3 ഓവറില്‍ 111 നു ഓള്‍ഔട്ട് ആയി. അനായാസ ജയം ലക്ഷ്യമിട്ട് ഇറങ്ങിയ കൊല്‍ക്കത്തയുടെ ഇന്നിങ്സ് 15.1 ഓവറില്‍ 95 നു അവസാനിച്ചു. പഞ്ചാബിനായി നാല് വിക്കറ്റുകള്‍ നേടിയ സ്പിന്നര്‍ യുസ്വേന്ദ്ര ചഹലാണ് കളിയിലെ താരം. 72-4 എന്ന നിലയില്‍ ഏറെക്കുറെ വിജയം ഉറപ്പിച്ച ശേഷമാണ് കൊല്‍ക്കത്തയുടെ തകര്‍ച്ച. പിന്നീട് 23 റണ്‍സ് എടുക്കുന്നതിനിടെ ശേഷിക്കുന്ന ആറ് വിക്കറ്റുകളും നഷ്ടമായി.
ടീം തോല്‍വിയിലേക്ക് നീങ്ങുന്ന സമയത്ത് ഏറെ നിരാശയോടെ ഇരിക്കുന്ന പ്രീതി സിന്റയെ ഗ്രൗണ്ടിലെ സ്‌ക്രീനില്‍ പലവട്ടം കാണിച്ചു. എന്നാല്‍ കളി പഞ്ചാബിന്റെ വരുതിയിലേക്ക് എത്തിയതോടെ ചിയര്‍ ഗേളുകളേക്കാള്‍ ഉത്സാഹത്തോടെ മതിമറന്ന് ആഘോഷിക്കുന്ന പ്രീതി സിന്റയെയാണ് കണ്ടത്.
മത്സരശേഷം കളിയിലെ താരമായ യുസ്വേന്ദ്ര ചഹലിന്റെ അടുത്തെത്തി പ്രീതി അഭിനന്ദിച്ചു. ചഹലിനെ ആലിംഗനം ചെയ്തു കൊണ്ടാണ് ടീം ഉടമയായ പ്രീതി സിന്റെ സന്തോഷം പ്രകടിപ്പിച്ചത്. നായകന്‍ ശ്രേയസ് അയ്യറിനെയും പ്രീതി അഭിനന്ദിക്കുകയും ചേര്‍ത്തുപിടിക്കുകയും ചെയ്തു.