രേണുക വേണു|
Last Modified ചൊവ്വ, 15 ഏപ്രില്‍ 2025 (10:06 IST)
Rishabh Pant: ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തില്‍ തോല്‍ക്കാന്‍ കാരണം നായകന്‍ റിഷഭ് പന്തിന്റെ 'സെന്‍സിബിള്‍' ഇന്നിങ്‌സ് ആണെന്ന് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ആരാധകര്‍. ഇന്നലെ ലഖ്‌നൗവില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ആതിഥേയര്‍ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ 19.3 ഓവറില്‍ അഞ്ച് വിക്കറ്റ് ശേഷിക്കെ ചെന്നൈ ലക്ഷ്യം കണ്ടു.
ഈ സീസണില്‍ ആദ്യത്തെ അര്‍ധ സെഞ്ചുറി നേടിയ നായകന്‍ റിഷഭ് പന്താണ് ലഖ്‌നൗവിന്റെ ടോപ് സ്‌കോറര്‍. എന്നാല്‍ ഈ ഇന്നിങ്‌സ് തന്നെയാണ് ലഖ്‌നൗവിന്റെ തോല്‍വിയില്‍ പ്രധാന പങ്കുവഹിച്ചത്. 49 പന്തുകള്‍ നേരിട്ട ലഖ്‌നൗ നായകന്‍ നാല് ഫോറും നാല് സിക്‌സും സഹിതം 63 റണ്‍സാണെടുത്തത്. സ്‌ട്രൈക് റേറ്റ് വെറും 128.57. റിഷഭ് പന്തിനു ശേഷം ഇറങ്ങിയ ആയുഷ് ബദോനിയും അബ്ദുള്‍ സമദും ഇതിനേക്കാള്‍ മികച്ച സ്‌ട്രൈക് റേറ്റിലാണ് ബാറ്റ് ചെയ്തത്.
ഇന്നലെത്തെ മത്സരത്തില്‍ 26 പന്തില്‍ 45 റണ്‍സാണ് റിഷഭ് പന്ത് പേസ് ബൗളിങ്ങിനെതിരെ സ്‌കോര്‍ ചെയ്തത്. എന്നാല്‍ സ്പിന്നിനെതിരെ 23 പന്തുകളില്‍ 18 റണ്‍സ് മാത്രം. ചെന്നൈ ബൗളര്‍ നൂര്‍ അഹമ്മദിന്റെ പത്ത് ബോളുകള്‍ റിഷഭ് പന്ത് ഡോട്ട് (റണ്‍സില്ല) ആക്കി. 2024 മുതല്‍ സ്പിന്നിനെതിരെ റിഷഭ് പന്തിന്റെ പ്രകടനം ദയനീയമാണ്. ട്വന്റി 20 ഫോര്‍മാറ്റില്‍ 2024 മുതല്‍ സ്പിന്നര്‍മാരുടെ 236 പന്തുകളാണ് റിഷഭ് പന്ത് നേരിട്ടിരിക്കുന്നത്. ഇതില്‍ നിന്ന് 113.13 സ്‌ട്രൈക് റേറ്റില്‍ സ്‌കോര്‍ ചെയ്യാന്‍ സാധിച്ചിരിക്കുന്നത് വെറും 267 റണ്‍സ് മാത്രം.
ഈ സീസണില്‍ ഏഴ് മത്സരങ്ങളില്‍ നിന്ന് 17.17 ശരാശരിയില്‍ റിഷഭ് പന്ത് ലഖ്‌നൗവിനായി നേടിയിരിക്കുന്നത് വെറും 103 റണ്‍സ് മാത്രം. സ്‌ട്രൈക് റേറ്റ് 104.04 ആണ്. ചെന്നൈയ്‌ക്കെതിരെ ഇന്നലെ നേടിയ 63 ആണ് ഉയര്‍ന്ന സ്‌കോര്‍.