രേണുക വേണു|
Last Modified ശനി, 25 സെപ്‌റ്റംബര്‍ 2021 (16:25 IST)
ഈ സീസണ്‍ അവസാനിച്ചാല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായകസ്ഥാനത്ത് നിന്ന് വിരാട് കോലി ഒഴിയും. കോലിക്ക് ശേഷം ആരാകും ആര്‍സിബി നായകനെന്ന് തലപുകഞ്ഞ് ചിന്തിക്കുകയാണ് ആരാധകര്‍. ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞാലും കോലിയെ ബാറ്റര്‍ എന്ന നിലയില്‍ ആര്‍സിബി നിലനിര്‍ത്തും. കോലിക്ക് പകരം എ.ബി.ഡിവില്ലിയേഴ്‌സ് ആര്‍സിബി നായകനാകുമെന്ന് കേട്ടിരുന്നെങ്കിലും അതിനുള്ള സാധ്യതകള്‍ അടയുകയാണ്. കരിയറിന്റെ അവസാന കാലഘട്ടത്തിലൂടെ കടന്നുപോകുന്ന ഡിവില്ലിയേഴ്‌സിന് ക്യാപ്റ്റന്‍ സ്ഥാനം നല്‍കാന്‍ ആര്‍സിബി ഫ്രാഞ്ചൈസി തയ്യാറല്ല.
അടുത്ത ഐപിഎല്‍ സീസണ്‍ ആകുമ്പോഴേക്കും മഹാലേലം നടക്കും. പുതിയ താരങ്ങളെ സ്വന്തം കൂടാരത്തിലെത്തിക്കാന്‍ ഫ്രാഞ്ചൈസികള്‍ തമ്മില്‍ മത്സരിക്കും. മഹാലേലത്തില്‍ കോലിക്ക് പകരക്കാരനായി ഒരു നായകനെ എത്ര പണം ചെലവഴിച്ചും സ്വന്തമാക്കാന്‍ ആര്‍സിബി ശ്രമിക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ആര്‍സിബി ഫ്രാഞ്ചൈസിയില്‍ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ആരംഭിച്ചെന്നാണ് ഐപിഎല്ലുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
മൂന്ന് പ്രമുഖ താരങ്ങളില്‍ ഒരാളെ മഹാലേലത്തില്‍ സ്വന്തമാക്കാനാണ് ആര്‍സിബി ഉന്നമിടുന്നത്. നിലവില്‍ മുംബൈ ഇന്ത്യന്‍സ് വൈസ് ക്യാപ്റ്റനായ കിറോണ്‍ പൊള്ളാര്‍ഡ്, മുംബൈ മധ്യനിര ബാറ്റര്‍ സൂര്യകുമാര്‍ യാദവ്, പഞ്ചാബ് കിങ്‌സ് നായകന്‍ കെ.എല്‍.രാഹുല്‍ എന്നിവരാണ് ആര്‍സിബി നായകസ്ഥാനത്തേക്ക് ഉന്നമിടുന്ന മൂന്ന് താരങ്ങള്‍. വിരാട് കോലി, ഗ്ലെന്‍ മാക്‌സ്വെല്‍, യുസ്വേന്ദ്ര ചഹല്‍, മുഹമ്മദ് സിറാജ് എന്നിവരെ മാത്രം നിലനിര്‍ത്താനാണ് ആര്‍സിബിയുടെ ആലോചന.