രേണുക വേണു|
Last Modified തിങ്കള്‍, 25 മാര്‍ച്ച് 2024 (09:36 IST)
ഈ സീസണിലെ ആദ്യ തോല്‍വിക്കു പിന്നാലെ മുംബൈ ഇന്ത്യന്‍സ് നായകന്‍ ഹാര്‍ദിക് പാണ്ഡ്യയെ വിമര്‍ശിച്ച് ആരാധകര്‍. അനായാസം ജയിക്കേണ്ടിയിരുന്ന മത്സരത്തിലെ തോല്‍വിക്ക് കാരണം ഹാര്‍ദിക്കിന്റെ മോശം ക്യാപ്റ്റന്‍സിയാണെന്ന് ആരാധകര്‍ കുറ്റപ്പെടുത്തി. രോഹിത് ശര്‍മയെ വീണ്ടും നായകനാക്കണമെന്നാണ് ആരാധകരുടെ ആവശ്യം.
ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ടൈറ്റന്‍സ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സ് മാത്രമാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ ഓപ്പണര്‍ ഇഷാന്‍ കിഷനെ മുംബൈയ്ക്ക് തുടക്കത്തില്‍ നഷ്ടമായെങ്കിലും രോഹിത് ശര്‍മ ശ്രദ്ധയോടെ ബാറ്റ് വീശി. രോഹിത് ശര്‍മ - ഡെവാള്‍ഡ് ബ്രെവിഡ് സഖ്യം അനായാസം മുംബൈയെ വിജയത്തിലേക്ക് എത്തിക്കുമെന്ന ഘട്ടം എത്തിയെങ്കിലും ഇരുവരും പുറത്തായതോടെ മുംബൈയ്ക്ക് തിരിച്ചടിയായി. ബ്രെവിസ് പുറത്താകുമ്പോള്‍ മുംബൈ 15.5 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സ് നേടിയിരുന്നു. 25 ബോളില്‍ 40 റണ്‍സായിരുന്നു വിജയലക്ഷ്യം. എന്നാല്‍ തിലക് വര്‍മ, ടിം ഡേവിഡ്, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ക്കൊന്നും മുംബൈയെ വിജയത്തിലെത്തിക്കാന്‍ സാധിച്ചില്ല.
ഏഴാമനായാണ് ഹാര്‍ദിക് പാണ്ഡ്യ ക്രീസിലെത്തിയത്. മുംബൈയുടെ ബാറ്റിങ് ഓര്‍ഡര്‍ വളരെ മോശം ആയിരുന്നെന്നും ഹാര്‍ദിക് കുറച്ചുകൂടി നേരത്തെ ഇറങ്ങിയിരുന്നെങ്കില്‍ ജയിക്കുമായിരുന്നെന്നും ആരാധകര്‍ പറയുന്നു. അഞ്ചാമനായെങ്കിലും ഹാര്‍ദിക് ക്രീസില്‍ എത്തേണ്ടതായിരുന്നു. സാഹചര്യത്തിനനുസരിച്ച് തീരുമാനമെടുക്കാന്‍ ഹാര്‍ദിക്കിന് സാധിച്ചില്ല. അതുകൊണ്ട് തന്നെ രോഹിത്തിനെ വീണ്ടും നായകനാക്കണമെന്നാണ് ഫാന്‍സ് ആവശ്യപ്പെടുന്നത്. മുംബൈയുടെ എക്‌സ് പേജില്‍ നിരവധി പേരാണ് ഹാര്‍ദിക്കിനെ നായകസ്ഥാനത്തു നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.