MS Dhoni: ഐപിഎല്ലില്‍ നിന്ന് വിരമിക്കാന്‍ അപ്പോ ഉദ്ദേശമില്ല? സൂചന നല്‍കി ധോണി

അടുത്ത സീസണെ കുറിച്ച് ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്നു ധോണി പറഞ്ഞു

MS Dhoni, IPL 2025, Dhoni Retirement, MS Dhoni not retiring, Cricket News, Malayalam Cricket News
രേണുക വേണു| Last Modified തിങ്കള്‍, 26 മെയ് 2025 (10:50 IST)
MS Dhoni

MS Dhoni: ഐപിഎല്‍ വിരമിക്കല്‍ ഉടനുണ്ടാകില്ലെന്ന് സൂചന നല്‍കി മഹേന്ദ്രസിങ് ധോണി. ഫിറ്റ്‌നെസ് അനുവദിക്കുകയാണെങ്കില്‍ അടുത്ത സീസണിലും കളിക്കുമെന്നാണ് ധോണി പരോക്ഷമായി പറഞ്ഞുവെച്ചത്. ഈ സീസണിലെ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ അവസാന ലീഗ് മത്സരത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

അടുത്ത സീസണെ കുറിച്ച് ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്നു ധോണി പറഞ്ഞു. തീരുമാനമെടുക്കാന്‍ തന്റെ മുന്നില്‍ 4-5 മാസം സമയമുണ്ട്. ഫിറ്റ്‌നെസ് നിലനിര്‍ത്തുകയാണ് ആദ്യ ദൗത്യം. റാഞ്ചിയിലേക്കു തിരിച്ചുപോയ ശേഷം അല്‍പം വിശ്രമം. അതിനുശേഷം കുറച്ച് ബൈക്ക് റൈഡുകള്‍. അതുകഴിഞ്ഞായിരിക്കും ഭാവിയെ കുറിച്ച് തീരുമാനിക്കുകയെന്ന് ധോണി പറഞ്ഞു.
' ഐപിഎല്ലില്‍ തുടരുമെന്നോ കളി മതിയാക്കുമെന്നോ ഇപ്പോള്‍ പറയാന്‍ സാധിക്കില്ല. പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം ഭാവിയെ കുറിച്ച് തീരുമാനമെടുക്കാന്‍ കഴിയില്ല. പ്രകടനം നോക്കി തീരുമാനിക്കുകയാണെങ്കില്‍ പല താരങ്ങളും 22-ാം വയസ്സില്‍ വിരമിക്കേണ്ടി വരും. നിങ്ങളില്‍ എത്രത്തോളം ആവേശമുണ്ട്, കായികക്ഷമത എത്രത്തോളം ശേഷിക്കുന്നുണ്ട് എന്നതൊക്കെയാണ് പ്രധാനം. ടീമിനു ആവശ്യമുള്ള സമയത്ത് നിങ്ങളെ കൊണ്ട് എന്ത് പ്രയോജനമുണ്ടെന്നതാണ് നോക്കേണ്ടത്. എന്തായാലും തീരുമാനമെടുക്കാന്‍ എനിക്കു മുന്നില്‍ സമയമുണ്ട്,' ധോണി പറഞ്ഞു.

ഈ സീസണില്‍ അവസാന സ്ഥാനത്താണ് ചെന്നൈ ഫിനിഷ് ചെയ്തത്. ഋതുരാജ് ഗെയ്ക്വാദ് പരുക്കേറ്റ് പുറത്തായ സാഹചര്യത്തില്‍ ചെന്നൈയെ നയിച്ചിരുന്നത് ധോണിയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :