അഭിറാം മനോഹർ|
Last Modified ഞായര്‍, 28 ഏപ്രില്‍ 2024 (09:24 IST)
ഐപിഎല്‍ 2024ല്‍ 250ന് മുകളില്‍ സ്‌കോറുകള്‍ പിറക്കുന്ന മത്സരങ്ങള്‍ പതിവായിരിക്കുകയാണ്. മുംബൈ ഡല്‍ഹി പോരാട്ടത്തിലും ഡല്‍ഹി 250 റണ്‍സെന്ന മാര്‍ക്ക് മറികടന്നിരുന്നു. ജസ്പ്രീത് ബുമ്രയെന്ന മാസ്മരീക ബൗളര്‍ ഉണ്ടായിട്ടും ഡല്‍ഹി സ്‌കോര്‍ 250ന് മുകളില്‍ കുതിക്കുവാന്‍ കാരണമായത് ആദ്യ ഓവറുകളില്‍ ഡല്‍ഹി ഓപ്പണറായ ജേക് ഫ്രേസര്‍ മക് ഗുര്‍ക്ക് നടത്തിയ പ്രകടനമായിരുന്നു. വെറും 27 പന്തുകളില്‍ 11 ബൗണ്ടറികളും 6 സിക്‌സുകളും അടക്കം 84 റണ്‍സാണ് താരം നേടിയത്. ബുമ്രയ്‌ക്കെതിരെ ഒരോവറില്‍ 18 റണ്‍സ് നേടാനും മക് ഗുര്‍ക്കിന് സാധിച്ചു.
മക് ഗുര്‍ക് ആകെ നേടിയ 84 റണ്‍സുകളില്‍ 80 റണ്‍സുകളും വന്നത് ബൗണ്ടറികളില്‍ നിന്നായിരുന്നു എന്നത് മാത്രം കണക്കിലെടുത്താല്‍ മതി എത്രമാത്രം അപകടകാരിയാണ് യുവതാരമെന്ന് അറിയാന്‍. മത്സരശേഷം സിംഗിളുകള്‍ എന്തുകൊണ്ട് എടുക്കുന്നില്ല എന്ന ചോദ്യത്തിനോട് ഓവറിലെ അവസാന പന്തില്‍ വേണമെങ്കില്‍ എടുക്കാമല്ലോ എന്നായിരുന്നു മക് ഗുര്‍ക്കിന്റെ മറുപടി. മക് ഗുര്‍ക്കിന് പിന്നാലെ 17 പന്തില്‍ 41 പന്തുമായി ഷായ് ഹോപ്‌സും 19 പന്തില്‍ 29 റണ്‍സുമായി റിഷഭ് പന്തും 25 പന്തില്‍ 48 റണ്‍സുമായി ട്രിസ്റ്റ്യന്‍ സ്റ്റമ്പ്‌സും ഡല്‍ഹി നിരയില്‍ തിളങ്ങി. 258 റണ്‍സെന്ന വിജയലക്ഷ്യം ഡല്‍ഹി മുന്നോട്ട് വെച്ചപ്പോള്‍ 20 ഓവറില്‍ 247 റണ്‍സെടുക്കാനെ മുംബൈ ഇന്ത്യന്‍സിന് സാധിച്ചുള്ളു. 32 പന്തില്‍ 63 റണ്‍സുമായി തിലക് വര്‍മയും 24 പന്തില്‍ 46 റണ്‍സുമായി ഹാര്‍ദ്ദിക് പാണ്ഡ്യയുമാണ് മുംബൈ നിരയില്‍ തിളങ്ങിയത്.