നായകസ്ഥാനത്തു നിന്ന് നീക്കും; രാഹുല്‍ ലഖ്‌നൗവില്‍ തുടരും

അതേസമയം രാഹുലിനെ നിലനിര്‍ത്തിയാലും നായകസ്ഥാനത്ത് തുടരില്ലെന്നാണ് റിപ്പോര്‍ട്ട്

KL Rahul
രേണുക വേണു| Last Modified ബുധന്‍, 28 ഓഗസ്റ്റ് 2024 (15:59 IST)
KL Rahul

ഐപിഎല്ലില്‍ കെ.എല്‍.രാഹുല്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സില്‍ തുടരും. നിലവില്‍ ലഖ്‌നൗവിന്റെ നായകനാണ് രാഹുല്‍. അടുത്ത വര്‍ഷത്തെ ഐപിഎല്ലിനു മുന്നോടിയായി മെഗാ താരലേലം നടക്കുന്നതിനാല്‍ രാഹുലിനെ ലഖ്‌നൗ നിലനിര്‍ത്തില്ലെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ രാഹുലിനെ നിലനിര്‍ത്താനാണ് ലഖ്‌നൗവിന്റെ തീരുമാനം.

' കെ.എല്‍.രാഹുലിനെ ലേലത്തില്‍ വിടുമോ നിലനിര്‍ത്തുമോ തുടങ്ങിയ ചോദ്യങ്ങളോടു എനിക്ക് പ്രത്യേകിച്ച് ഒന്നും പറയാനില്ല. രാഹുല്‍ ഞങ്ങളുടെ കുടുംബത്തിന്റെ ഭാഗമായിരിക്കും എന്നു മാത്രമാണ് ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകളോടു എനിക്ക് പ്രതികരിക്കാനുള്ളത്. സൂപ്പര്‍ ജയന്റ്‌സ് കുടുംബത്തില്‍ വളരെ പ്രധാനപ്പെട്ടതും നിര്‍ണായകവുമായ ഉത്തരവാദിത്തമാണ് രാഹുലിന് ഉള്ളത്,' ലഖ്‌നൗ ഫ്രാഞ്ചൈസി ഉടമ സഞ്ജീവ് ഗോയങ്ക പറഞ്ഞു.

അതേസമയം രാഹുലിനെ നിലനിര്‍ത്തിയാലും നായകസ്ഥാനത്ത് തുടരില്ലെന്നാണ് റിപ്പോര്‍ട്ട്. നായകസ്ഥാനത്തു നിന്ന് മാറിനില്‍ക്കാന്‍ രാഹുല്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ബാറ്റിങ്ങില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു വേണ്ടിയാണ് രാഹുല്‍ നായകസ്ഥാനം ഒഴിയുന്നത്. ക്രുണാല്‍ പാണ്ഡ്യയോ നിക്കോളാസ് പൂറാനോ ആയിരിക്കും ഇനി ലഖ്‌നൗ നായകസ്ഥാനത്തേക്കു എത്തുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :