ടീം ജയിച്ചില്ലെങ്കിലും വ്യക്തിഗത സ്‌കോര്‍ ഉയര്‍ന്നാല്‍ മതി; രാഹുല്‍ 'സെല്‍ഫിഷ്' എന്ന് വിമര്‍ശനം, നിര്‍ണായക സമയത്ത് നേടിയത് ഒരൊറ്റ ബൗണ്ടറി

രേണുക വേണു| Last Modified വെള്ളി, 27 മെയ് 2022 (10:35 IST)

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് നായകന്‍ കെ.എല്‍.രാഹുലിനെതിരായ പ്രതിഷേധങ്ങളും വിമര്‍ശനങ്ങളും അവസാനിക്കുന്നില്ല. നിര്‍ണായക സമയത്തെ രാഹുലിന്റെ മെല്ലെപ്പോക്ക് തന്നെയാണ് ആരാധകര്‍ക്ക് പിടിക്കാത്തത്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ 14 റണ്‍സിനായിരുന്നു ലഖ്‌നൗവിന്റെ തോല്‍വി. 208 റണ്‍സ് എന്ന പടുകൂറ്റന്‍ സ്‌കോര്‍ പിന്തുടരുമ്പോള്‍ നിര്‍ണായക സമയത്ത് രാഹുലിന് വേഗം സ്‌കോര്‍ ചെയ്യാന്‍ സാധിച്ചില്ല.

തുടക്കത്തില്‍ 15 പന്തില്‍ രാഹുല്‍ 25 റണ്‍സ് എടുത്തിരുന്നു. ആ സമയത്ത് ലഖ്നൗവിന് ജയിക്കാന്‍ വേണ്ടിയിരുന്ന റിക്വയേഡ് റണ്‍റേറ്റ് 10.5 ആയിരുന്നു. എന്നാല്‍, പിന്നീട് രാഹുല്‍ നേരിട്ട 27 പന്തില്‍ നിന്ന് നേടിയത് വെറും 23 റണ്‍സ് ! 10.5 ആയിരുന്ന റിക്വയേഡ് റണ്‍റേറ്റ് 14.4 ആയി ഉയര്‍ന്നു. ഒരറ്റത്ത് നങ്കൂരമിടാനാണ് രാഹുല്‍ ശ്രമിച്ചതെന്ന് ചിലര്‍ പ്രതിരോധിക്കുന്നുണ്ടെങ്കിലും അവിടേയും രാഹുലിനെതിരെ മറ്റ് ചില ചോദ്യങ്ങള്‍ ഉയരുന്നു. ഇത്ര വലിയ റണ്‍ചേസിന്റെ സമയത്ത് കാണിക്കേണ്ട വിവേകം രാഹുല്‍ കാണിച്ചില്ലെന്നാണ് വിമര്‍ശനം. പിന്നില്‍ ഇര്‍വിന്‍ ലൂയിസ്, മര്‍കസ് സ്റ്റോയ്നിസ് തുടങ്ങിയ കൂറ്റനടിക്കാര്‍ നില്‍ക്കുമ്പോള്‍ ഇങ്ങനെയൊരു 'സെന്‍സിബിള്‍ ഇന്നിങ്സ്' രാഹുല്‍ കളിക്കണമായിരുന്നോ എന്നാണ് ആരാധകരുടെ ചോദ്യം.

ഏഴ് മുതല്‍ 13 വരെയുള്ള ഓവറുകള്‍ക്കിടെ രാഹുല്‍ നേടിയത് ഒരേയൊരു ബൗണ്ടറിയാണ്. കൂട്ടത്തകര്‍ച്ച ഒഴിവാക്കാന്‍ രാഹുലിനു വിക്കറ്റ് സംരക്ഷിച്ച് പരമാവധി ഓവറുകള്‍ കളിച്ചേ മതിയാകൂ. ഇങ്ങനെ ക്രീസിലുറച്ചുനില്‍ക്കുമ്പോഴും രാഹുലിന്റെ സ്‌കോറിങ്ങിന്റെ വേഗം കുറഞ്ഞതാണു എലിമിനേറ്ററില്‍ ലഖ്‌നൗവിന് തിരിച്ചടിയായത്. ഓറഞ്ച് ക്യാപ്പിന് വേണ്ടി മാത്രമാണോ രാഹുല്‍ കളിക്കുന്നതെന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :