'ഇത്രയും ചീപ്പ് ഷോയുടെ ആവശ്യമില്ല, ഒന്ന് ഡൈവ് ചെയ്ത് നോക്കാവുന്നതായിരുന്നു'; ഹാര്‍ദിക് പാണ്ഡ്യയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം (വീഡിയോ)

രേണുക വേണു| Last Modified ശനി, 9 ഏപ്രില്‍ 2022 (12:00 IST)

ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനം. താന്‍ റണ്‍ഔട്ട് ആയതിന്റെ പേരില്‍ സഹതാരം ഡേവിഡ് മില്ലറോട് മൈതാനത്ത് വെച്ച് ദേഷ്യപ്പെട്ട രീതി ശരിയായില്ലെന്നാണ് ആരാധകരുടെ അഭിപ്രായം. ഒരു നായകന്‍ കാണിക്കേണ്ട ഉത്തരവാദിത്തം പാണ്ഡ്യ ആ സമയത്ത് കാണിച്ചില്ലെന്നും മില്ലറോട് പെരുമാറിയ രീതി വെറും ചീപ്പ് ഷോയാണെന്നും നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനമുന്നയിച്ചു.

അവസാന ഓവറിലെ രണ്ടാം പന്തിലാണ് ഹാര്‍ദിക് പാണ്ഡ്യ റണ്‍ഔട്ടായത്. റണ്‍ഔട്ട് ആയതില്‍ ഹാര്‍ദിക് പാണ്ഡ്യ തനിക്കൊപ്പം ബാറ്റ് ചെയ്യുകയായിരുന്ന ഡേവിഡ് മില്ലറോട് ദേഷ്യപ്പെട്ടു. അവസാന ഓവറിലെ രണ്ടാമത്തെ ഡെലിവറി നേരിട്ട ഡേവിഡ് മില്ലര്‍ക്ക് പന്ത് മിസ് ചെയ്തു. എന്നാല്‍ സിംഗിളിനായി മില്ലര്‍ ഓടിയതോടെ വിക്കറ്റ് കീപ്പര്‍ ബെയര്‍സ്റ്റോ ഡയറക്ട് ഹിറ്റില്‍ ഹാര്‍ദിക്കിനെ പുറത്താക്കി. ഹാര്‍ദിക്കിന് ക്രീസില്‍ എത്താന്‍ സാധിച്ചില്ല. ഇതിനു പിന്നാലെയാണ് മില്ലറോട് ഹാര്‍ദിക് ചൂടായത്.
ക്രീസിലെത്താന്‍ ഹാര്‍ദിക് ആത്മാര്‍ത്ഥമായി യാതൊരു പരിശ്രമവും നടത്തിയില്ലെന്നാണ് ആരാധകരുടെ വിമര്‍ശനം. ഹാര്‍ദിക്കിന് ഒന്ന് ഡൈവ് ചെയ്ത് നോക്കാമായിരുന്നു. എന്നാല്‍, അതിനുപോലും ഹാര്‍ദിക് ശ്രമിച്ചില്ല. എന്നിട്ട് അവസാനം മില്ലറെ കുറ്റപ്പെടുത്തുന്നു. ടീം അംഗങ്ങളോട് കുറച്ചുകൂടി ഡിപ്ലോമാറ്റിക് ആയി പെരുമാറാന്‍ ഹാര്‍ദിക്കിന് സാധിക്കണമെന്നും വിമര്‍ശനമുണ്ട്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :