ഹാര്‍ദിക്കിനെ ഇറക്കാത്തത് ലോകകപ്പ് മുന്നില്‍കണ്ട്, പ്രത്യേക ശ്രദ്ധ വേണമെന്ന് ബിസിസിഐ മുംബൈ ഇന്ത്യന്‍സിനോട് ആവശ്യപ്പെട്ടു; നീക്കങ്ങള്‍ ഇങ്ങനെ

രേണുക വേണു| Last Modified വെള്ളി, 24 സെപ്‌റ്റംബര്‍ 2021 (13:21 IST)

ഹാര്‍ദിക് പാണ്ഡ്യയുടെ ഫിറ്റ്‌നെസിന്റെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണമെന്ന് ബിസിസിഐ മുംബൈ ഇന്ത്യന്‍സിനോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് താരമായ ഹാര്‍ദിക് കഴിഞ്ഞ രണ്ട് കളിയും പുറത്തിരിക്കുകയായിരുന്നു. ടി 20 ലോകകപ്പ് മുന്നില്‍കണ്ടാണ് ഹാര്‍ദിക് പാണ്ഡ്യയ്ക്ക് വിശ്രമം അനുവദിച്ചിരിക്കുന്നതെന്ന് മുംബൈ ഇന്ത്യന്‍സ് ബൗളിങ് കോച്ച് ഷെയ്ന്‍ ബോണ്ട് പറഞ്ഞു. പ്ലേ ഓഫിലേക്ക് അനായാസം കയറുമെന്നും അതിനുശേഷം നിര്‍ണായക മത്സരങ്ങളില്‍ മാത്രം ഹാര്‍ദിക്കിനെ കളിപ്പിക്കാമെന്നുമായിരുന്നു മുംബൈ ഇന്ത്യന്‍സിന്റെ പദ്ധതി. എന്നാല്‍, ചെന്നൈ സൂപ്പര്‍ കിങ്‌സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നീ ടീമുകള്‍ക്കെതിരെ തുടര്‍ച്ചയായി തോല്‍വി വഴങ്ങിയത് മുംബൈ ഇന്ത്യന്‍സിനെ പ്രതിരോധത്തിലാക്കി. മധ്യനിര ദുര്‍ബലമാണെന്നും ഹാര്‍ദിക് പാണ്ഡ്യയെ കളിപ്പിക്കണമെന്നും വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഹാര്‍ദിക്കിന് കൂടുതല്‍ വിശ്രമം നല്‍കാനുള്ള തീരുമാനത്തെ കുറിച്ച് വീണ്ടും ചര്‍ച്ചയായിരിക്കുന്നത്.

ഹാര്‍ദിക് പാണ്ഡ്യയ്ക്ക് വിശ്രമം അനുവദിക്കണമെന്ന് പ്രത്യക്ഷത്തില്‍ ബിസിസിഐ ആവശ്യപ്പെട്ടിട്ടില്ല. എങ്കിലും ഹാര്‍ദിക്കിന് തുടര്‍ച്ചയായി ഉണ്ടാകുന്ന പരുക്കുകള്‍ താരത്തെ തളര്‍ത്താമെന്നും അത്തരം അവസരങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ കരുതല്‍ വേണമെന്നുമാണ് ബിസിസിഐ മുംബൈ ഇന്ത്യന്‍സ് ഫ്രാഞ്ചൈസിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. മുംബൈ ഇന്ത്യന്‍സിന് വേണ്ടി അടുത്ത മത്സരങ്ങളില്‍ കളിച്ചാലും ഹാര്‍ദിക്കിനെ കൊണ്ട് ബൗള്‍ ചെയ്യിപ്പിക്കാനുള്ള സാധ്യതയും ഇതോടെ മങ്ങി.

'നോക്കൂ, ഹാര്‍ദിക് നന്നായി പരിശീലനത്തില്‍ ഏര്‍പ്പെടുന്നുണ്ട്. കളിക്കാന്‍ സാധിക്കുന്ന രീതിയിലേക്ക് അദ്ദേഹത്തിന്റെ ഫിറ്റ്‌നെസ് എത്തി തുടങ്ങി. ഒരേസമയം, ഇന്ത്യന്‍ ടീമിന്റെയും ഞങ്ങളുടെയും (മുംബൈ ഇന്ത്യന്‍സ്) ആവശ്യങ്ങളെ ബാലന്‍സ് ചെയ്തു കൊണ്ടുപോകാനാണ് നോക്കുന്നത്. ഓരോ താരങ്ങളെ കുറിച്ചും ഫ്രാഞ്ചൈസിക്ക് കരുതല്‍ ഉണ്ട്. ഐപിഎല്ലില്‍ വിജയിക്കുക മാത്രമല്ല ലക്ഷ്യംവയ്ക്കുന്നത്, ടി 20 ലോകകപ്പ് കൂടിയാണ്. കളിക്കാന്‍ ഇറങ്ങാത്തതില്‍ അദ്ദേഹത്തിനും ബുദ്ധിമുട്ടുണ്ട്. ഇപ്പോള്‍ തന്നെ കളത്തിലിറക്കി അദ്ദേഹത്തിനു പരുക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അത് പിന്നീട് തിരിച്ചടിയാകും. അതുകൊണ്ട് വളരെ ശ്രദ്ധയോടെയാണ് കാര്യങ്ങള്‍ നോക്കികാണുന്നത്,' മുംബൈ ബൗളിങ് പരിശീലകന്‍ ഷെയ്ന്‍ ബോണ്ട് പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :