കളിതിരിച്ചത് ഫാഫിന്റെ ആ പറന്നുള്ള ക്യാച്ച് തന്നെ, പക്ഷേ തനിക്ക് കിട്ടിയ മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരം ഫാഫ് കൊടുത്തത് മറ്റൊരു താരത്തിന്

Faf Duplesis, RCB
അഭിറാം മനോഹർ| Last Modified ഞായര്‍, 19 മെയ് 2024 (08:32 IST)
Faf Duplesis, RCB
ഐപിഎല്‍ പ്ലേ ഓഫ് പ്രവേശനത്തിന് പിന്നാലെ ടീം സ്പിരിറ്റിന് മാതൃകയായി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരു. ചെന്നൈക്കെതിരായ അര്‍ധസെഞ്ചുറിയും കളിയെ തന്നെ മൊത്തത്തില്‍ തിരിച്ചുവിട്ട തകര്‍പ്പന്‍ ക്യാച്ചും സ്വന്തമാക്കി വിജയതീരത്തിലെത്തിച്ച ഫാഫ് ഡുപ്ലെസിക്കായിരുന്നു കളിയിലെ താരത്തിനുള്ള പുരസ്‌കാരം. എന്നാല്‍ ബാംഗ്ലൂര്‍ നായകന്‍ കൂടിയായ ഫാഫ് ഡുപ്ലെസി തനിക്ക് കിട്ടിയ പുരസ്‌കാരം ആര്‍സിബി പേസറായ യാഷ് ദയാലിന് സമര്‍പ്പിക്കുകയായിരുന്നു.

പ്ലേ ഓഫ് യോഗ്യത നേടാനായി മത്സരത്തില്‍ ഏറ്റവും പ്രധാനമായ ഫൈനല്‍ ഓവറില്‍ 17 റണ്‍സാണ് ചെന്നൈയ്ക്ക് വേണ്ടിയിരുന്നത്. ക്രീസില്‍ ജഡേജയും ധോനിയും ഉണ്ടായിരുന്നതിനാല്‍ ചെന്നൈയ്ക്ക് വിജയപ്രതീക്ഷയുണ്ടായിരുന്നു. ആദ്യ പന്തില്‍ സിക്‌സര്‍ നേടികൊണ്ട് 5 പന്തില്‍ 11 റണ്‍സ് എന്ന നിലയിലേക്ക് കാര്യങ്ങള്‍ കൈവിട്ടെങ്കിലും രണ്ടാം പന്തില്‍ ധോനി പുറത്തായി. അടുത്ത പന്തില്‍ ക്രീസിലെത്തിയ ഷാര്‍ദ്ദൂല്‍ ഠാക്കൂറിന് റണ്‍സൊന്നും നേടാനായില്ല. നാലാം പന്തില്‍ ഒരു സിംഗിള്‍ മാത്രമാണ് വന്നത്. ഇതോടെ 2 പന്തില്‍ വിജയിക്കാന്‍ 11 റണ്‍സ് എന്ന രീതിലേക്ക് കളി മാറി. അഞ്ചാം പന്തില്‍ ജഡേജയ്ക്ക് റണ്‍സൊന്നും നേടാന്‍ സാധിക്കാതെ വന്നതോടെ ആര്‍സിബി പ്ലേ ഓഫ് ഉറപ്പിച്ചു. ആറാം പന്തിലും ദയാല്‍ റണ്‍സൊന്നും വിട്ടുനല്‍കിയില്ല. ഇതോടെ ഐതിഹാസികമായി ആര്‍സിബി പ്ലേ- ഓഫ് യോഗ്യത നേടുകയായിരുന്നു. ഈ പ്രകടനമാണ് ഡുപ്ലെസിസ് തനിക്ക് ലഭിച്ച പുരസ്‌കാരം യാഷിന് സമര്‍പ്പിക്കാന്‍ ഇടയാക്കിയത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :