അഭിറാം മനോഹർ|
Last Modified ചൊവ്വ, 16 ഏപ്രില്‍ 2024 (14:57 IST)
ഐപിഎല്‍ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ റണ്‍സ് പിറന്ന മത്സരമായിരുന്നു ഹൈദരാബാദും ബാംഗ്ലൂരും തമ്മില്‍ നടന്നത്. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 288 റണ്‍സെന്ന വിജയലക്ഷ്യം ബാംഗ്ലൂരിന് മുന്നില്‍ വെച്ചപ്പോള്‍ എത്ര റണ്‍സിന് ആര്‍സിബി തോല്‍ക്കുമെന്ന ചോദ്യം മാത്രമായിരുന്നു ബാക്കിയുണ്ടായിരുന്നത്. ഓപ്പണിങ്ങില്‍ കോലിയും ഡുപ്ലെസിസും കൂടെ തകര്‍ത്തടിച്ചപ്പോഴും ആര്‍സിബിക്ക് മത്സരത്തില്‍ വിദൂരസാധ്യത മാത്രമാണുണ്ടായിരുന്നത്. ഇരുവരും പുറത്തുപോയതോടെ മത്സരത്തില്‍ ഹൈദരാബാദ് പിടിമുറുക്കുകയും ചെയ്തു.
കോലിക്ക് പിന്നാലെയെത്തിയ വില്‍ ജാക്‌സ് നിര്‍ഭാഗ്യം മൂലമായിരുന്നു പുറത്തായത്. പിന്നാലെയെത്തിയ രജത് പാട്ടീദാര്‍,സൗരവ് ചൗഹാന്‍ എന്നിവര്‍ക്കും കാര്യമായി ഒന്നും ചെയ്യാന്‍ സാധിക്കാതിരുന്നതോടെയാണ് 38കാരനായ വെറ്ററന്‍ താരം ദിനേഷ് കാര്‍ത്തിക് ടീമിലെത്തിയത്. 23 പന്തില്‍ 53 റണ്‍സടിച്ച് മത്സരം ഇനിയും അവസാനിച്ചിട്ടില്ലെന്ന് പ്രഖ്യാപിച്ച ഡികെ വെറും 35 പന്തില്‍ നിന്നും 83 റണ്‍സാണ് അടിച്ചെടുത്തത്. ഒരു ഘട്ടത്തിലും വിജയപ്രതീക്ഷയുണ്ടായിരുന്നില്ലെങ്കില്‍ പോലും തോല്‍വിയുടെ ഭാരം വലിയ തോതില്‍ കുറയ്ക്കാന്‍ ഡികെയുടെ പ്രകടനം കൊണ്ടായി. 7 സിക്‌സും 5 ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്ങ്‌സ്.
ടീമിനെ വിജയത്തിന് അടുത്തുവരെ എത്തിച്ച് ഡികെ മടങ്ങിയത്. സ്‌റ്റേഡിയം ഒന്നടങ്കം എഴുന്നേറ്റ് നിന്നാണ് ഈ പ്രകടനത്തിന് ആദരം അറിയിച്ചത്. ഇതിന് പിന്നാലെ ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ ദിനേഷ് കാര്‍ത്തിക് തിരിച്ചെത്തുമോ എന്ന ചര്‍ച്ചകള്‍ സമൂഹമാധ്യമങ്ങള്‍ സജീവമായിരിക്കുകയാണ്. നേരത്തെ 2022ലെ ടി20 ലോകകപ്പിന് മുന്‍പും ഐപിഎല്ലില്‍ സമാനമായ പ്രകടനങ്ങള്‍ നടത്തി ഡികെ ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ കയറിയിരുന്നു. എന്നാല്‍ ലോകകപ്പില്‍ ഇന്ത്യയ്ക്കായി മികച്ച പ്രകടനം നടത്താന്‍ കാര്‍ത്തിക്കിനായിരുന്നില്ല.