രേണുക വേണു|
Last Modified തിങ്കള്‍, 22 ഏപ്രില്‍ 2024 (10:06 IST)
Royal Challengers Bengaluru
Royal Challengers Bengaluru: റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ പൂര്‍ണമായി അസ്തമിച്ചു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ ഒരു റണ്ണിന് തോറ്റതോടെയാണ് ആര്‍സിബിയുടെ എല്ലാ വഴികളും അടഞ്ഞത്. എട്ട് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഒരു ജയവും ഏഴ് തോല്‍വിയുമുള്ള ആര്‍സിബി രണ്ട് പോയിന്റോടെ അവസാന സ്ഥാനത്താണ്.
ആറ് മത്സരങ്ങള്‍ കൂടിയാണ് ആര്‍സിബിക്ക് ഈ സീസണില്‍ ഇനിയുള്ളത്. ആറിലും ജയിച്ചാലും ആര്‍സിബിക്ക് പ്ലേ ഓഫ് കാണാന്‍ സാധ്യത വളരെ കുറവാണ്. ശേഷിക്കുന്ന മത്സരങ്ങളിലെല്ലാം ജയിച്ചാല്‍ പോലും ആര്‍സിബിക്ക് 14 പോയിന്റേ ആകുകയുള്ളൂ. പോയിന്റ് ടേബിളില്‍ ഒന്നാമത് നില്‍ക്കുന്ന രാജസ്ഥാന്‍ റോയല്‍സിന് ഇപ്പോള്‍ തന്നെ 12 പോയിന്റ് ഉണ്ട്. ശേഷിക്കുന്ന ഏഴ് മത്സരങ്ങളില്‍ ഒരെണ്ണത്തില്‍ ജയിച്ചാല്‍ തന്നെ രാജസ്ഥാന് 14 പോയിന്റ് ആകും.
രണ്ടും മൂന്നും സ്ഥാനത്ത് നില്‍ക്കുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനും സണ്‍റൈസേഴ്‌സ് ഹൈദരബാദിനും 10 പോയിന്റ് വീതമുണ്ട്. ശേഷിക്കുന്ന ഏഴ് മത്സരങ്ങളില്‍ രണ്ടെണ്ണത്തില്‍ ജയിച്ചാല്‍ ഇരു ടീമുകളും 14 പോയിന്റിലേക്ക് എത്തും. നാല്, അഞ്ച്, ആറ് സ്ഥാനത്തുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്, ഗുജറാത്ത് ടൈറ്റന്‍സ് എന്നിവര്‍ക്ക് എട്ട് പോയിന്റ് വീതമുണ്ട്. ചെന്നൈക്കും ലഖ്‌നൗവിനും ഏഴും ഗുജറാത്തിന് ആറും മത്സരങ്ങള്‍ ശേഷിക്കുന്നുണ്ട്. ഇതില്‍ മൂന്ന് കളികള്‍ ജയിച്ചാല്‍ മൂന്ന് ടീമുകള്‍ക്കും 14 പോയിന്റ് ആകും. അതുകൊണ്ട് തന്നെ അവസാന സ്ഥാനക്കാരായ ആര്‍സിബി ഇനി പ്ലേ ഓഫില്‍ കയറണമെങ്കില്‍ എന്തെങ്കിലും അത്ഭുതം സംഭവിക്കണം.