അഭിറാം മനോഹർ|
Last Modified തിങ്കള്‍, 18 മാര്‍ച്ച് 2024 (17:41 IST)
വനിതാ ഐപിഎല്ലില്‍ കിരീടവിജയം നേടിയ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമിനെ അഭിനന്ദിച്ച് ടീമിന്റെ മുന്‍ ഉടമ കൂടിയായ വിജയ് മല്യ. ഇന്ത്യയില്‍ വായ്പാ തിരിച്ചടിവില്‍ വീഴ്ച്ച നടത്തിയതില്‍ നിയമനടപടികള്‍ നേരിടുന്ന
വിജയ് മല്യ ഇന്ത്യ വിട്ട് ബ്രിട്ടണിലാണ് നിലവില്‍ ജീവിക്കുന്നത്. മല്യയെ വിട്ടുകിട്ടുന്നതിനാവശ്യമായ നിയമനടപടികള്‍ ഇപ്പോഴും തുടരുകയാണ്. ഇതിനിടെയാണ് ആര്‍സിബി വിജയത്തില്‍ മല്യയുടെ പ്രതികരണം.
വനിതാ ഐപിഎല്‍ കിരീടം നേടിയ ആര്‍സിബി വനിതാ ടീമിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍, ഇനി ഇത്തവണ പുരുഷ ടീം കൂടി കിരീടം നേടി ഡബിള്‍ തികച്ചാല്‍ അത് ഗംഭീരമാകും. ഏറെക്കാലമായുള്ള കടമാണത്. എല്ലാവര്‍ക്കും ആശംസകള്‍ എന്നായിരുന്നു മല്യയുടെ വാക്കുകള്‍. 16 വര്‍ഷമായി ഐപിഎല്ലില്‍ കിരീടം നേടാനാവാത്ത പുരുഷ ടീമിനെ സൂചിപ്പിച്ചാണ് മല്യയുടെ ട്വീറ്റ്. ഈ മാസം 22ന് തുടങ്ങുന്ന ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെയാണ് ആര്‍സിബിയുടെ ആദ്യ മത്സരം.
വനിതാ ടീം കിരീടം നേടിയതോടെ ഇത്തവണ പുരുഷ ടീമിന് മുകളിലുള്ള സമ്മര്‍ദ്ദം കൂടുതലാണ്. 2009,2011,2016 സീസണുകളില്‍ ഫൈനലിലെത്തിയെങ്കിലും ഐപിഎല്‍ കിരീടം നേടാന്‍ ആര്‍സിബിക്ക് സാധിച്ചിരുന്നില്ല. 2020,2021 സീസണുകളില്‍ പ്ലേ ഓഫിലെത്തിയെങ്കിലും ഫൈനല്‍ യോഗ്യത നേടാന്‍ ടീമിനായിരുന്നില്ല.