എൽ ക്ലാസിക്കോയിൽ രഹാനെയുടെ ക്ലാസിക്ക് ഷോ, നാണം കെട്ട് മുംബൈ

അഭിറാം മനോഹർ| Last Modified ഞായര്‍, 9 ഏപ്രില്‍ 2023 (11:00 IST)
ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരായ എൽ ക്ലാസിക്കോ പോരാട്ടത്തിൽ 7 വിക്കറ്റിൻ്റെ തകർപ്പൻ വിജയം സ്വന്തമാക്കി ചെന്നൈ സൂപ്പർ കിംഗ്സ്. ആദ്യം ബാറ്റ് ചെയ്ത മുംബൈയെ ചെന്നൈ 157 റൺസിലൊതുക്കി. വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈ 11 പന്തുകൾ ബാക്കിനിൽക്കെയാണ് വിജയത്തിലെത്തിയത്. ടൂർണമെൻ്റിൽ മുംബൈയുടെ തുടർച്ചയായ രണ്ടാം തോൽവിയാണിത്. 27 പന്തിൽ 61 റൺസുമായി ആഞ്ഞടിച്ച അജിങ്ക്യ രഹാനെയും 36 പന്തിൽ 40 റൺസുമായി പുറത്താകാതെ നിന്ന ഓപ്പണർ റുതുരാജ് ഗെയ്ക്ക്വാദുമാണ് ചെന്നൈ വിജയം അനായാസകരമാക്കിയത്.

മുംബൈ ഉയർത്തിയ 158 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ചൈന്നൈയ്ക്ക് റൺസൊന്നുമെടുക്കാതെ ഓപ്പണർ ഡെവോൺ കോൺവെയെ നഷ്ടമയെങ്കിലും വൺ ഡൗൺ ആയി ക്രീസിലെത്തിയ രഹാനെ തുടക്കം മുതൽ അടിച് തകർത്തുകൊണ്ട് മുംബൈയെ കുഴക്കി. മത്സരത്തിൻ്റെ നാലാം ഓവറിലാണ് രാഹാനെയുടെ ബാറ്റിംഗ് മാന്ത്രികത ലോകം കണ്ടത്.6,4,4,4,4,1 എന്നിങ്ങനെയായിരുന്നു ആ ഓവറിൽ രഹാനെ അടിച്ചുതകർത്തത്.


തട്ട് പൊളിപ്പൻ ഷോട്ടുകളില്ലാതെ പ്യുവർ ക്ലാസിക്കൽ ഷോട്ടുകളുടെ എക്സിബിഷനായിരുന്നു എൽ ക്ലാസിക്കോ പോരാട്ടത്തിൽ രഹാനെ തീർത്തത്. 19 പന്തിൽ താരം ചെന്നൈയ്ക്കായി താരം അർധസെഞ്ചുറി കുറിക്കുമ്പോൾ വമ്പൻ ഫോമിലുള്ള റുതുരാജ് 11 റൺസാണ് നേടിയിരുന്നത്. പവർ പ്ലേയ്ക്ക് പിന്നാലെ ടീം സ്കോർ 82ൽ നിൽക്കെ 61 റൺസെടുത്ത രഹാനയെ നഷ്ടമായെങ്കിലും ചെന്നൈയ്ക്ക് ജയിക്കാൻ ആവശ്യമായതെല്ലാം രഹാനെ നൽകിയിരുന്നു. നാലാം നമ്പറിലെത്തിയ ശിവം ദുബെ 26 പന്തിൽ 28 റൺസും പിറകെയെത്തിയ അംബാട്ടി റായിഡു 16 പന്തിൽ 20* റൺസും സ്വന്തമാക്കി. മുംബൈയ്ക്കായി ബെഹൻഡോർഫും പീയുഷ് ചൗളയും കാർത്തികേയയും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി. 32 റൺസെടുത്ത ഇഷാൻ കിഷനും 31 റൺസെടുത്ത ടിം ഡേവിഡും മാത്രമാണ് മുംബൈ ബാറ്റിംഗ് നിരയിൽ തിളങ്ങിയ താരങ്ങൾ.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :