അഭിറാം മനോഹർ|
Last Modified ചൊവ്വ, 4 ഏപ്രില്‍ 2023 (09:40 IST)
ഐപിഎല്ലിലെ പതിനാറാം സീസണിൽ തങ്ങളുടെ ആദ്യവിജയം സ്വന്തമാക്കാനായെങ്കിലും തൻ്റെ ടീമിലെ പേസർമാരുടെ പ്രകടനത്തിൽ തീർത്തും നിരാശനാണ് ചെന്നൈ നായകൻ എംഎസ് ധോനി. മൈതാനത്തെ ശാന്തതയുടെ പേരിൽ ക്യാപ്റ്റൻ കൂൾ എന്ന് വിശേഷണമുള്ള ധോനി മത്സരശേഷം തൻ്റെ ടീമംഗങ്ങളോട് രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്.മത്സരത്തിൽ 217 റൺസെന്ന കൂറ്റൻ സ്കോർ സ്വന്തമാക്കിയെങ്കിലും ലക്ഷ്യബോധമില്ലാതെ ബൗൾ ചെയ്ത ചെന്നൈ പേസർമാർ 18 എക്സ്ട്രാ റണ്ണുകളാണ് മത്സരത്തിൽ വിട്ടുനൽകിയത്. ഇതിൽ തുടർച്ചയായുള്ള നോബോളുകളും വൈഡുകളും ഉൾപ്പെടുന്നു. ഇത്തരത്തിൽ അച്ചടക്കമില്ലാത്തെ ബൗളിംഗാണ് ചെന്നൈ നായകനെ പ്രകോപിപ്പിച്ചത്.
ഫാസ്റ്റ് ബൗളിംഗിൽ ഞങ്ങൾ കുറേക്കൂടി മെച്ചപ്പെടേണ്ടതുണ്ട്. സാഹചര്യങ്ങൾക്ക് അനുസരിച്ചാണ് ബൗൾ ചെയ്യേണ്ടത്. എതിർ ടീം ബൗളർമാർ എന്താണ് ചെയ്യുന്നതെന്ന് ശ്രദ്ധിക്കുന്നത് പ്രധാനമാണ്. ബൗളർമാർ നോബോളുകളും അധികം വൈഡുകളും എറിയുന്നത് അവസാനിപ്പിച്ചേ മതിയാകു. അല്ലെങ്കിൽ നിങ്ങൾ പുതിയ നായകൻ്റെ കീഴിൽ കളിക്കേണ്ടി വരും. ഇതെൻ്റെ രണ്ടാമത്തെ മുന്നറിയിപ്പാണ്. ഇനിയും തുടർന്നാൽ ഞാൻ ക്യാപ്റ്റൻ സ്ഥാനം ഒഴിയും. മത്സരത്തിന് പിന്നാലെ ധോനി വ്യക്തമാക്കി.ഇതാദ്യമായാണ് ടീമംഗങ്ങളുടെ പ്രകടനത്തിൽ അസംതൃപ്തി പ്രകടിപ്പിച്ചുകൊണ്ട് താൻ നായകസ്ഥാനം ഒഴിയുമെന്ന് ധോനി ടീമിന് മുന്നറിയിപ്പ് നൽകുന്നത്.