ഒരിഞ്ച് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാല്‍ ബെയ്‌ല്‍സ് ഇളകും; കാൽപ്പാദം ഉയര്‍ന്നാ‍ലും ഔട്ട്; ധോണിപ്പേടിയില്‍ എതിരാളികള്‍

  ms dhoni , delhi capitals , quick stumpings , ipl , chennai super kings , ഐസിസി , ധോണി , ചെന്നൈ സൂപ്പര്‍ കിംഗ്സ് , ശ്രേയസ് അയ്യർ,  ക്രിസ് മോറിസ്
ചെന്നൈ| Last Modified വ്യാഴം, 2 മെയ് 2019 (14:54 IST)
വിക്കറ്റിന് പിന്നില്‍ ധോണിയുള്ളപ്പോള്‍ ബാറ്റ്‌സ്‌മാന് നെഞ്ചിടിപ്പാണ്. ഒരിഞ്ച് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാല്‍ ബെയ്‌ല്‍സ് ഇളകും. കാൽപ്പാദം ക്രീസില്‍ നിന്നുയര്‍ന്നാലും പവലിയനിലേക്ക് മടങ്ങിപ്പോകേണ്ടി വരും. ധോണി വിക്കറ്റിന് പിന്നിലുള്ളപ്പോള്‍ സൂക്ഷിക്കുകയെന്ന ഐസിസിയുടെ രസകരമായ ട്വീറ്റ് പോലും ബാറ്റ്‌സ്‌മാനെ ഭയപ്പെടുത്തി.

ഐപിഎല്ലില്‍ ഡല്‍‌ഹി ക്യാപിറ്റല്‍‌സിനെ വിക്കറ്റിന് പിന്നില്‍ നിന്ന് വിറപ്പിച്ചു ധോണി. ക്യാപ്റ്റൻ ശ്രേയസ് അയ്യർ,
ക്രിസ് മോറിസ് എന്നിവരുടെ വിലപ്പെട്ട വിക്കറ്റുകളാണ് മുന്‍ ഇന്ത്യന്‍ ക്യാപ്‌റ്റന്‍ തട്ടിത്തെറിപ്പിച്ചത്. ഔട്ട് അല്ലെന്ന് ഉറപ്പിച്ചിരുന്ന ബാറ്റ്‌സ്‌മാനും അമ്പയറും പോലും അതിശയത്തോടെയാണ് ഈ പുറത്താകല്‍ കണ്ടത്. സ്‌റ്റേഡിയത്തിലെ കൂറ്റന്‍ സ്ക്രീനില്‍ നിന്നാണ് അവര്‍ക്ക് കാണേണ്ടി വന്നത്.

രവീന്ദ്ര ജഡേജ എറിഞ്ഞ പന്ത്രണ്ടാമത് ഓവറിലായിരുന്നു ധോണി മാജിക് പിറന്നത്. ഓവറിന്റെ നാലാം പന്ത് പ്രതിരോധിക്കാനുള്ള മോറിസിന്റെ ശ്രമം പിഴച്ചു. ബാറ്റ്‌സ്‌മാന്റെ കാൽപ്പാദം ക്രീസിൽനിന്നു ചെറുതായി ഉയർന്നുവെന്ന് തിരിച്ചറിഞ്ഞ ധോണി സ്‌റ്റം‌പിളക്കി.

ധോണി അപ്പീല്‍ ചെയ്‌തെങ്കിലും ഔട്ട് അല്ലെന്ന് അമ്പയറും ക്രിസ് മോറിസും ഉറപ്പിച്ചിരുന്നു. എന്നാല്‍, ബാറ്റ്‌സ്‌മാന്റെ കാൽപ്പാദം കുറച്ച് സെക്കന്‍ഡ് നേരം വായുവിലാണെന്ന് അതിശയത്തോടെ തേർഡ് അമ്പയര്‍ കണ്ടു. പിന്നാലെ, ആരാധകരെ മുഴുവന്‍ ഞെട്ടിച്ച് ഔട്ട് എന്ന വിധി ഉണ്ടായി.

അടുത്ത അവസരം ശ്രേയസ് അയ്യർക്കായിരുന്നു. ജഡേജയെ പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും പന്ത് കുത്തി തിരിഞ്ഞ് ധോണിയുടെ കൈയിലെത്തി. പിന്നാലെ, മിന്നല്‍ സ്‌റ്റം‌പിങും. ഗ്രൌണ്ട് അമ്പയര്‍ തേര്‍ഡ് അമ്പയറുടെ സഹായം തേടി. അയ്യരുടെ കാൽപ്പാദം മില്ലി സെക്കൻഡു നേരത്തേക്ക് ക്രീസിൽനിന്നുയർന്നു എന്ന് തേര്‍ഡ് അമ്പയര്‍ കണ്ടെത്തിയതോടെ ധോണി ആരാധകർ മാത്രമല്ല ഞെട്ടിയത് ഡല്‍ഹി ആരാധകര്‍ കൂടി തലയില്‍ കൈവച്ചു പോയി ആ നിമിഷം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :