Last Modified തിങ്കള്‍, 22 ഏപ്രില്‍ 2019 (09:03 IST)
ഐപിഎല്ലില്‍ മറ്റൊരു റെക്കാര്‍ഡ് കൂടി സ്വന്തം പേരിലാക്കി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകന്‍ മഹേന്ദ്ര സിംഗ് ധോണി. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തിലായിരുന്നു ധോണിയുടെ റെക്കോര്‍ഡ് നേട്ടം. ടൂര്‍ണമെന്റില്‍ 200 സിക്‌സറുകള്‍ എന്ന നേട്ടമാണ് ധോണി സ്വന്തമാക്കിയത്.
ഈ നാഴികക്കല്ല് പിന്നിടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് ധോണി. വെസ്റ്റ്ഇന്‍ഡീസ് താരം ക്രിസ് ഗെയിലൽ, ദക്ഷിണാഫ്രിക്കന്‍ താരം എ ബി ഡിവില്ല്യേഴ്‌സ് എന്നിവരാണ് ധോണിക്ക് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയത്.
മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ച ധോണി 84 റണ്‍സ് നേടി പുറത്താകാതെനിന്നു. 48 പന്തില്‍ 84 റണ്‍സ് അടിച്ചുകൂട്ടിയ ധോണി അവസാന നിമിഷം വരെ ചെന്നൈയ്ക്ക് വിജയ പ്രതീക്ഷ നല്‍കി. ഏഴു സിക്‌സറുകള്‍ പറത്തി. 111 മീറ്റര്‍ ദൂരെ ഗ്രൗണ്ടിന്റെ മേല്‍ക്കൂരയിലേക്കാണ പറത്തിവിട്ട സിക്‌സ അടക്കം ഏഴ് സിക്‌സാണ് ധോണി അടിച്ചു കൂട്ടിയത്.
അവസാന ഓവറില്‍ ചെന്നെയ്ക്ക് ജയിക്കാന്‍ 26 റണ്‍സ്. പന്തുമായി ഉമേഷ് യാദവ്. ആദ്യപന്തില്‍ ഫോറ് നേടിയ ചെന്നൈ നായകന്‍ തൊട്ടടുത്ത രണ്ട് പന്തുകളും അതിര്‍ത്തിക്ക് മുകളിലൂടെ പറത്തി. നാലാം പന്തില്‍ രണ്ട് റണ്‍സ് നേടിയ ധോണി അഞ്ചാം പന്തും ഗ്യാലറിയിലെത്തിച്ചു. ഒരു പന്തില്‍ ജയിക്കാന്‍ രണ്ട് റണ്‍സ് എന്ന ഘട്ടത്തില്‍ ഉമേഷിന്റെ പന്ത് ധോണിക്ക് തൊടാനായില്ല. ഓടി റണ്‍സെടുക്കാന്‍ ശ്രമിച്ചെങ്കിലും ബ്രാവോ ക്രീസിലെത്തും മുമ്പ് പാര്‍ത്ഥിവ് പട്ടേല്‍ വിക്കറ്റ് തെറിപ്പിച്ചതോടെ ബാംഗ്ലൂര്‍ ആവേശജയം സ്വന്തമാക്കി.
ബാംഗ്ലൂര്‍ ഉയര്‍ത്തിയ 162 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ ഒരു റണ്‍സിന്റെ പരാജയമാണ് ചെന്നൈ ഏറ്റുവാങ്ങിയത്.