രോഹിത് സ്‌കോര്‍ ചെയ്യാന്‍ മടിക്കുന്നതോ ?; ഇതാണ് കാരണങ്ങള്‍

  Mumbai Indians , IPL , Rohit Sharma , മുംബൈ ഇന്ത്യന്‍സ് , ഐ പി എല്‍ , രോഹിത് ശര്‍മ്മ
Last Updated: ശനി, 4 മെയ് 2019 (18:34 IST)
ഐപിഎല്ലില്‍ ഒരു വശത്ത് ധോണിയെന്ന അതികായന്റെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് രാജാവായി നില്‍ക്കുമ്പോള്‍ മറുവശത്ത് രോഹിത്തിന്റെ മുംബൈ ഇന്ത്യന്‍സ് ഉറച്ച കോട്ട പോലെ നില്‍ക്കുകയാണ്. സൺറൈസേഴ്സ് ഹൈദരാബാദിനെ പരാജയത്തിലേക്ക് തള്ളിവിട്ട് പ്ലേ ഓഫ് ഉറപ്പിക്കാനും അവര്‍ക്കായി.

പോയിന്റ് പട്ടികയിൽ മുൻനിരയില്‍ എത്തിയെങ്കിലും നായകന്‍ രോഹിത് ശര്‍മ്മ ഫോമിലെത്തുന്നില്ല എന്ന നിരാശയാണ് ആരാധകര്‍ക്കുള്ളത്. ചെന്നൈയ്‌ക്കെതിരെ അര്‍ധസെഞ്ചുറി നേടിയതുമാണ് ഏക നേട്ടം.

ഐപിഎല്ലിൽ ഹിറ്റ്‌മാന്റെ മോശം ഫോമിന് നിരവധി കാരണങ്ങളുണ്ട്. മുംബൈ ഇന്ത്യന്‍സിന്റെ നായകസ്ഥാനം വഹിക്കുന്നതിലെ സമ്മര്‍ദ്ദവും സ്‌പിന്‍ ബോളിംഗ് നേരിടുന്നതിലെ വീഴ്‌ചകളാണ് പ്രധാനം. ലെഗ് സ്പിന്നർമാർക്കു മുന്നിലാണ് കൂടുതൽ വട്ടംകറങ്ങിയത്.

രാജ്യാന്തര ഏകദിനങ്ങളില്‍ മികവ് തുടരുമ്പോള്‍ ഐപിഎല്ലിൽ 25.06 മാത്രമാണ് ഒടുവിലത്തെ മൂന്നു സീസണുകളിലെ ബാറ്റിംഗ് ശരാശരി. 2017ൽ പരുക്കുമൂലം ആറുമാസം പുറത്തിരുന്ന ശേഷമാണ് ഐപിഎല്ലിൽ തിരിച്ചെത്തിയത്. ആ സീസൺ മുതലാണ് സ്‌പിന്‍ ബോളര്‍മാരെ നേരിടുന്നതില്‍ രോഹിത്തിന് വീഴ്‌ച സംഭവിക്കുന്നത്.

തകര്‍ത്തടിക്കുന്ന പതിവ് രീതി ഉപേക്ഷിച്ച് മികച്ച തുടക്കം നല്‍കാന്‍ പ്രതിരോധിച്ച് ബാറ്റ് വീശുന്നതും താരത്തിന് വിനയാകുന്നുണ്ട്. ഹാര്‍ദ്ദിക് പാണ്ഡ്യ, പൊള്ളാര്‍ഡ് എന്നീ ബാറ്റ്‌സ്‌മാന്മാര്‍ ടീമില്‍ ഉള്ളപ്പോള്‍ രോഹിത് സമ്മര്‍ദ്ദമില്ലതെ പതിവ് ശൈലിയില്‍ ബാറ്റ് ചെയ്യണമെന്നും ആരാധകര്‍ ആവശ്യപ്പെടുന്നുണ്ട്.

വന്‍ സ്‌കോറുകള്‍ നേടാന്‍ സാധിക്കുന്നില്ലെങ്കിലും രോഹിത് ടിമിനെ കീരീട വിജയത്തിലെത്തിക്കുമെന്ന ഉറച്ച വിശ്വാസം മുംബൈ ആരാധകരിലുണ്ട്. പ്ലേ ഓഫ് മത്സരങ്ങളില്‍ ഹിറ്റ്‌മാന്റെ ബാറ്റില്‍ നിന്നും വന്‍ സ്‌കോറുകള്‍ ഒഴുകുമെന്നും അവകാശപ്പെടുന്നവരുണ്ട്. ഫൈനലില്‍ നായകന്റെ ബാറ്റില്‍ നിന്നും സെഞ്ചുറി പ്രതീക്ഷിക്കാമെന്നും ആരാധകര്‍ വ്യക്തമാക്കുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :