Last Updated:
ചൊവ്വ, 23 ഏപ്രില്‍ 2019 (12:01 IST)
ഐപിഎൽ മത്സരത്തിനിടെ രാജസ്ഥാൻ റോയൽസിന്റെ ജോസ് ബട്ലറെ പഞ്ചാബ് ക്യാപ്റ്റൻ രവിചന്ദ്ര
അശ്വിൻ ‘മങ്കാദിങ്ങി’ലൂടെ പുറത്താക്കിയത് വൻ വിവാദത്തിനു വഴി തെളിച്ചിരുന്നു. സംഭവത്തിൽ ക്രിക്കറ്റ് ലോകം ഇപ്പോഴും രണ്ടു തട്ടിലാണ്. ഇത് മാന്യതയ്ക്ക് നിരക്കാത്തതാണെന്ന് ഒരു വിഭാഗവും നിയമം അനുശാസിക്കുന്നതേ അദ്ദേഹം ചെയ്തുള്ളുവെന്ന് മറ്റൊരു വിഭാഗവും ഇപ്പോഴും വാദിക്കുന്നുണ്ട്.
ഇപ്പോഴിതാ പ്രമുഖ കമന്റേറ്ററായ ഹര്‍ഷ ഭോഗ്ലെ മങ്കാദിങിനെ അനുകൂലിച്ച് രംഗത്തു വന്നിരിക്കുകയാണ്.
ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍കിങ്‌സിനെതിരായ മല്‍സരത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നാടകീയ വിജയം സ്വന്തമാക്കിയ ശേഷമാണ് മങ്കാദിങില്‍ ഒരു തെറ്റുമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയത്.
അശ്വിന്റെ മങ്കാദിങിനു ശേഷം ഐപിഎല്ലില്‍ നടന്ന മറ്റു മല്‍സരങ്ങളിലെല്ലാം നോണ്‍ സ്‌ട്രൈക്കര്‍മാര്‍ ഇത്തരത്തില്‍ പുറത്താവാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ആര്‍സിബിക്കെതിരായ കളിയില്‍ ചെന്നൈയും ഇത് ശ്രദ്ധിച്ചിരുന്നു. അവസാന ഓവറിൽ ഉമേഷ് ബൗള്‍ ചെയ്യുമ്പോള്‍ മങ്കാദിങ് പേടിയില്‍ താക്കൂര്‍ ക്രീസില്‍ തന്നെയുണ്ടായിരുന്നു. ക്രീസിന് പുറത്തേക്കിറങ്ങി നിന്നാണ് താരം സിംഗിളിന് ഓടിയിരുന്നതെങ്കില്‍ ചെന്നൈ ജയിക്കുമായിരുന്നു. അശ്വിന്റെ മങ്കാദിങ് ഓർമയിലാണ് താക്കൂർ ക്രീസിന് പുറത്തിറങ്ങാതെ നിന്നതെന്ന് പലരും പറയുന്നു. റണ്ണൗട്ടാവുമ്പോള്‍ താക്കൂര്‍ ക്രീസിനു വെറും 12 സെന്റീമീറ്റര്‍ മാത്രം അകലെയായിരുന്നു. അശ്വിന്റെ മങ്കാദിങാണ് ഈ കളിയില്‍ ആര്‍സിബിയെ രക്ഷിച്ചതെന്നു ഹർഷ പറയുന്നു.
നോണ്‍ സ്‌ട്രൈക്കറുടെ ക്രീസില്‍ നിന്നും ആറ് സെന്റി മീറ്റര്‍ പുറത്തു നില്‍ക്കാന്‍ അനുവദിച്ചാല്‍ ആര്‍സിബിക്കെതിരേ ചെന്നൈ താരം താക്കൂറിന് ഒരുപക്ഷെ സിംഗിളെടുക്കാന്‍ കഴിയുമായിരുന്നു. അത് നിങ്ങള്‍ അംഗീകരിക്കുമോ? അതുകൊണ്ടാണ് ഐസിസി മങ്കാദിങ് നിയമപരമാക്കിയതെന്നും നിയമത്തെ ബഹുമാനിക്കണമെന്നും ഹർഷ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.