ബംഗളൂരു|
സജിത്ത്|
Last Modified തിങ്കള്‍, 17 ഏപ്രില്‍ 2017 (10:22 IST)
ഐപിഎല്ലില്‍ റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റിനെതിരായ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന് നാണംകെട്ട തോല്‍വി. ആദ്യം ബാറ്റ് ചെയ്ത പൂനെ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സെടുത്തപ്പോള്‍ ബാറ്റിങ്ങിന് പേരുകേട്ട ബംഗളൂരുവിന്റെ മറുപടി 131 റണ്‍സില്‍ അവസാനിച്ചു. ഈ തോല്‍വിയോടെ അഞ്ച് കളികളില്‍ ഒരു ജയം മാത്രമുള്ള ബംഗളൂരു പോയന്റ് പട്ടികയില്‍ അവസാന സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അതേസമയം രണ്ടാം ജയത്തോടെ പൂനെ ആറാം സ്ഥാനത്തേക്കുയരുകയും ചെയ്തു.
താരതമ്യേന ചെറിയ വിജയലക്ഷ്യം പിന്തുടർന്ന ബാംഗ്ലൂരിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. റൺസൊന്നും എടുക്കുന്നതിന് മുമ്പേ അവർക്ക് മൻദീപ് സിംഗിനെ നഷ്ടമായി. വിരാട് കോലി 28ഉം എ ബി ഡിവില്ലിയേഴ്സ് 29ഉം റൺസെടുത്തു. ജാദവ്, വാട്സൻ, ബിന്നി, നേഗി എന്നിവരെല്ലാം രണ്ടക്കം കടന്നെങ്കിലും അത് വിജയം വരെ എത്തിക്കാന്‍ അവര്‍ക്കും സാധിച്ചില്ല. പൂനെയ്ക്കായി ബെന്‍ സ്റ്റോക്സും ഷര്‍ദ്ദുല്‍ ഠാക്കൂറും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടിവന്ന പൂനെയ്ക്ക് 8 വിക്കറ്റ് നഷ്ടത്തിൽ 161 റൺസ് നേടാനെ സാധിച്ചുള്ളൂ. രഹാനെയും ത്രിപാഠിയും ചേർന്ന് ഏഴോവറിൽ 63 റൺസിൻറെ മികച്ച തുടക്കം നൽകിയെങ്കിലും മധ്യനിരയ്ക്ക് അത് മുതലാക്കാനായില്ല.
പിന്നീട് സ്മിത്ത്(27), ധോണി(28) എന്നിവര്‍ കുറച്ച് നേരം പിടിച്ചുനിന്നെങ്കിലും അതിവേഗം സ്കോര്‍ ഉയര്‍ത്താന്‍ സാധിച്ചില്ല. അവസാന ഓവറുകളിൽ മനോജ് തിവാരി(11 പന്തില്‍ 27) തകർത്തടിച്ചതാണ് പുനെയെ 160 കടത്തിയത്.