ബംഗളൂരു|
jibin|
Last Modified ശനി, 1 ഏപ്രില്‍ 2017 (17:45 IST)
ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ പത്താം സീസണിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിന്‍റെ കഷ്ടകാലത്തിന് അവസാനമില്ലാതെ തുടരുന്നു.
പരുക്കേറ്റതിനാല്‍ ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലി ആദ്യ മത്സരങ്ങളില്‍ കളിക്കില്ലെന്ന് വ്യക്തമായതിന് പിന്നാലെ ടീമിന്റെ നട്ടെല്ലായ ദക്ഷിണാഫ്രിക്കൻ താരം എബി ഡിവില്ലിയേഴ്‌സിനും പരുക്കേറ്റതാണ് ബാംഗ്ലൂരിന് തിരിച്ചടിയായത്.
പരുക്കേറ്റകാര്യം ഡിവില്ലിയേഴ്‌സ് സ്ഥിരീകരിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന മൊമെന്‍റം വണ്‍ഡേ കപ്പ് ടൂർണമെന്‍റിനിടെയാണ് അദ്ദേഹത്തിന് പരുക്കേറ്റത്.
എബിയുടെ പരുക്ക് എത്രത്തോളം ഗുരുതരമാണെന്ന് വ്യക്തമായിട്ടില്ല. അദ്ദേഹത്തിന് വിശ്രം അത്യാവശ്യമാണെന്നാണ് ഡോക്‍ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്.
കോഹ്‌ലിയുടെ അഭാവത്തില്‍ സമകാലിക ക്രിക്കറ്റിലെ ഏറ്റവും വിനാശകാരിയായ ബാറ്റ്സ്‌മാനെന്ന വിശേഷണമുള്ള ഡിവില്ലിയേഴ്‌സാകും ബാംഗ്ലൂരിനെ നയിക്കുക എന്ന് റോയല്‍ ചലഞ്ചേഴ്‌സ് മുഖ്യപരിശീലകന്‍ ഡാനിയല്‍ വെട്ടോറി പറഞ്ഞിരുന്നു.
കോഹ്‌ലിക്ക് പുറമെ തോളിനേറ്റ പരുക്കിനെത്തുടർന്ന് ബാംഗ്ലൂരിന്‍റെ തന്നെ കെഎൽ രാഹുലും ടൂർണമെന്‍റിലുണ്ടാവില്ല. സൂപ്പര്‍താരങ്ങളെ തുടക്കത്തില്‍ നഷ്ടമാകുന്നത് ബാംഗ്ലൂരിന് കനത്ത തിരിച്ചടിയാണ്. ഏപ്രില്‍ അഞ്ച് മുതലാണ് ഐപിഎല്‍ മത്സരങ്ങള്‍ ആരംഭിക്കുന്നത്.