കാരക്കാസ്: |
WEBDUNIA|
Last Modified ശനി, 5 ജനുവരി 2013 (03:55 IST)
PRO
PRO
ക്യൂബയില്‍ കാന്‍സര്‍ ചികിത്സയില്‍ കഴിയുന്ന വെനസ്വേലന്‍ പ്രസിഡന്റ് ഹ്യൂഗോ ഷാവേസിന്റെ നില വഷളായി. ശസ്‌ത്രക്രിയയെത്തുടര്‍ന്നു ശ്വാസകോശത്തിലുണ്ടായ അണുബാധ സ്‌ഥിതി സങ്കീര്‍ണമാക്കിയിരിക്കുകയാണെന്ന് വെനസ്വേലന്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രി ഏണസ്‌റ്റോ വിലെഗാസ് അറിയിച്ചു.
അമ്പത്തെട്ടുകാരനായ ഷാവേസ് ഡിസംബര്‍ 11നു ശസ്‌ത്രക്രിയ നടത്തിയതിനു ശേഷം പൊതുവേദിയിലോ ടെലിവിഷനിലോ പ്രത്യക്ഷപ്പെടുകയോ സംസാരിക്കുകയോ ചെയ്‌തിട്ടില്ല. ശ്വസനസംബന്ധമായ പ്രശ്‌നങ്ങള്‍ അദ്ദേഹത്തെ അലട്ടുന്നുണ്ടെന്നാണ് വിലെഗാസിന്റെ അറിയിപ്പ്. ഷാവേസ് യന്ത്രസഹായത്തോടെയാണു ശ്വസിക്കുന്നതെന്ന് അഭ്യൂഹങ്ങളുണ്ടെങ്കിലും അധികൃതര്‍ ഇക്കാര്യം ശരിവയ്‌ക്കുകയോ നിഷേധിക്കുകയോ ചെയ്‌തിട്ടില്ല. അതേസമയം, പ്രസിഡന്റിന്റെ ആരോഗ്യനിലയെപ്പറ്റി സര്‍ക്കാര്‍ വ്യക്‌തമായ അറിയിപ്പു നല്‍കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
ജൂണ്‍ 11 നു ശേഷം ഷാവേസ് നാലു ശസ്‌ത്രക്രിയയ്‌ക്കും കീമോ തെറാപ്പി, റേഡിയേഷന്‍ ചികിത്സകള്‍ക്കും വിധേയനായിരുന്നു. രോഗമുക്‌തനായെന്നു പ്രത്യാശ പ്രകടിപ്പിച്ചതിനു ശേഷം അദ്ദേഹം കഴിഞ്ഞ ഒക്‌ടോബറില്‍ വീണ്ടും പ്രസിഡന്റ് പദത്തിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. പത്തിനു സത്യപ്രതിജ്‌ഞ ചെയ്യാനിരിക്കെയാണ് രോഗം വീണ്ടും പ്രത്യക്ഷപ്പെട്ടതും ചികിത്സയ്‌ക്കായി ക്യൂബയിലേക്കു പോയതും. ഷാവേസിന്റെ ആരോഗ്യനിലയെപ്പറ്റി അഭ്യൂഹങ്ങള്‍ പരക്കുന്നതിനൊപ്പം ഭരണകക്ഷി പിളര്‍പ്പിലേക്കാണെന്ന അഭ്യൂഹങ്ങളും ശക്‌തമാണ്.
പത്തിന് സത്യപ്രതിജ്‌ഞ ചെയ്യാന്‍ ഷാവേസിനു കഴിയുമോ എന്നും നിശ്‌ചിത ദിവസം സത്യപ്രതിജ്‌ഞയ്‌ക്കു സാധിച്ചില്ലെങ്കില്‍ അടുത്ത നടപടിക്രമം എന്താണെന്നും വ്യക്‌തമല്ല. സത്യപ്രതിജ്‌ഞ നീട്ടിവയ്‌ക്കാന്‍ സാധ്യതയുണ്ടെന്നു ഭരണകക്ഷി പറയുന്നുണ്ടെങ്കിലും അതു ഭരണഘടനാവിരുദ്ധമാണെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്.