മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്മാരില്‍ ഒരാളായ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയ്ക്ക് ചിക്കാഗോ ഫെഡറല്‍ കോടതി 35 വര്‍ഷം തടവുശിക്ഷ വിധിച്ചു. ഹെഡ്‌ലിയെ വിട്ടുകിട്ടണമെന്ന് ഇന്ത്യ പലതവണ ആവശ്യപ്പെട്ടിരുന്നു എങ്കിലും അമേരിക്ക അതിന് തയ്യാറായിരുന്നില്ല.
പാക് വംശജനായ അമേരിക്കന്‍ പൗരനാണ് ഹെഡ്‌ലി. മുംബൈ ഭീകരാക്രമണം ആസൂത്രണം ചെയ്യാന്‍ ഭീകര സംഘടനയായ ലഷ്‌കര്‍ ഇ തൊയ്ബയെ സഹായിച്ചത് ഉള്‍പ്പടെ 12 കുറ്റങ്ങളാണ് ഇയാളുടെ പേരില്‍ ചുമത്തിയത് ശിക്ഷ. മുംബൈയില്‍ ആക്രമണം നടത്തേണ്ട സ്ഥലങ്ങളുടെ വിവരങ്ങളും വീഡിയോ ചിത്രങ്ങളും ഭീകരര്‍ക്ക് കൈമാറിയത് ഹെഡ്‌ലി ആയിരുന്നു. ഭീകരര്‍ക്ക് കടല്‍മാര്‍ഗം മുംബൈയില്‍ എത്താനുള്ള മാപ്പ് തയ്യാറാക്കാനും ഇയാള്‍ സഹായിച്ചു. ഡെന്മാര്‍ക്കില്‍ മറ്റൊരു ആക്രമണം ആസൂത്രണം ചെയ്യാനുള്ള പദ്ധതികള്‍ക്കിടെയാണ് ഹെഡ്‌ലി പിടിയിലായത്. ജനങ്ങളെ ഹെഡ്‌ലിയില്‍ നിന്ന് രക്ഷിക്കേണ്ട ബാധ്യതയുണ്ടെന്ന് വിധി പ്രസ്താവത്തില്‍ ജഡ്ജി ചൂണ്ടിക്കാട്ടുന്നു. അയാളുടെ മനസ്സ് മാറും എന്ന് പ്രതീക്ഷിക്കുന്നില്ലെന്നും പറഞ്ഞു.
മുംബൈ ഭീകരാക്രമണത്തില്‍166 പേരുടെ ജീവന്‍ ആണ് പൊലിഞ്ഞത്. ഹെഡ്‌ലിയ്ക്ക് വധശിക്ഷ ലഭിക്കാതെ പോയതില്‍ മുംബൈ ഭീകരാക്രമണത്തില്‍ ജീവന്‍ പൊലിഞ്ഞവരുടെ ബന്ധുക്കള്‍ നിരാശയിലാണ്.