സ്വാത് പീഡനത്തിന്‍റെ വീഡിയോ വ്യാജമെന്ന്

ഇസ്‌ലാമബാദ്| WEBDUNIA| Last Modified ഞായര്‍, 19 ഏപ്രില്‍ 2009 (11:18 IST)
പാകിസ്ഥാനിലെ സ്വാതില്‍ വിവാഹിതയായ പെണ്‍കുട്ടിയെ താലിബാന്‍ ചാട്ടവാറുകൊണ്ടടിക്കുന്ന വീഡിയോ വ്യാജമാണെന്ന് അന്വേഷണ സംഘം. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്തു വന്നതിനെ തുടര്‍ന്ന് പാക് സുപ്രീം കോടതി സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. അന്വേഷണ സംഘം വീഡിയോ വ്യാജമാണെന്ന് കണ്ടെത്തിയതായി പാക് ആഭ്യന്തര സെക്രട്ടറിയെ ഉദ്ധരിച്ച് ഡോണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.

സ്വാതില്‍ ഇത്തരത്തിലൊരു സംഭവം നടന്നിട്ടില്ലെന്നും വീഡിയോ വ്യാജമാണെന്നും അദ്ദേഹം പറഞ്ഞു. പരപുരുഷ ബന്ധം ആരോപിച്ച് 17 വയസുള്ള പെണ്‍കുട്ടിയെ മൂന്ന് താലിബാന്‍കാര്‍ പരസ്യമായി ശിക്ഷിക്കുന്നതായിരുന്നു വീഡിയോ. രണ്ടുപേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ തലയ്ക്കും കാലിനും പിടിച്ച ശേഷം മൂന്നാമന്‍ ചാട്ടവാറുകൊണ്ടടിക്കുന്ന രണ്ട് മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോ ആണ് പുറത്തുവന്നത്.

ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം എട്ട് പേരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പീഡനത്തിനിരയായി എന്ന് കരുതുന്ന പെണ്‍കുട്ടിയില്‍ നിന്നും അന്വേഷണ സംഘം മൊഴിയെടുത്തിരുന്നു. പെണ്‍കുട്ടിയും ഭര്‍ത്താവും സംഭവം നിഷേധിച്ചതായും അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :