സ്വാത്: തീവ്രവാദികള്‍ വെടിനിര്‍ത്തലിന്

ഇസ്ലാമാബാദ്| WEBDUNIA|
പാകിസ്ഥാനിലെ സ്വാത് മേഖലയില്‍ തീവ്രവാദികള്‍ താത്ക്കാലികമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. മൌലാന ഫസ്‌ലുള്ള എന്ന ഇസ്ലാമിക പുരോഹിതന്‍റെ തീവ്രവാദി സംഘമാണ് പാക് സൈന്യത്തിനു നേരെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

പാക് സേന ഹെലിക്കോപ്റ്ററുകള്‍ ഉപയോഗിച്ച് തീവ്രവാദികളുടെ സങ്കേതങ്ങളില്‍ നടത്തിയ ശക്തമായ ആക്രമണത്തില്‍ അമ്പത് തീവ്രവാദികള്‍ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് തീവ്രവാദികള്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. താലിബാന്‍ അനുകൂല നിലപാടുകള്‍ പുലര്‍ത്തുന്ന മൌലാന ഫസ്‌ലുള്ള ഒരു അനധികൃത എഫ് എം റേഡിയോ സ്റ്റേഷന്‍ വഴി പാക് സര്‍ക്കാരിനു നേരെ വിശുദ്ധ യുദ്ധം പ്രഖ്യാപിച്ചിരുന്നു.

സ്വാത് മേഖലയില്‍ പ്രാദേശിക ഭരണത്തെ വെല്ലുവിളിച്ച് തന്‍റെ മദ്രസ കേന്ദ്രീകരിച്ച് സമാന്തര ഭരണം നടത്താനുള്ള ശ്രമമായിരുന്നു മൌലാന നടത്തിയിരുന്നത്. അതിനെതിരെ നടപടിയെടുക്കാന്‍ നാലായിരത്തോളം സൈനികരെയാണ് പാക് സര്‍ക്കാര്‍ സ്വാതിലേക്ക് അയച്ചത്. ശകതമായി തുടര്‍ന്നിരുന്ന പോരാട്ടത്തില്‍ നിരവധി തീവ്രവാദികള്‍ കൊല്ലപ്പെട്ടിരുന്നു.

തീവ്രവാദികള്‍ പാക് സൈനികരെ തട്ടിക്കൊണ്ടു പോയി പൊതുജനങ്ങളുടെ മുമ്പില്‍ വച്ച് കഴുത്തുവെട്ടി കൊന്നിരുന്നു. ഇതിനെ തുടര്‍ന്ന് പാക് സേന തീവ്രവാദികള്‍ക്കു നേരെ ശക്തമായ ആക്രമണം അഴിച്ചു വിടുകയായിരുന്നു. തീവ്രവാദികളുടെ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിനെതിരെ പാക് സൈന്യം ഇതുവരെ പ്രതികരിച്ചിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :