സ്തനാര്‍ബുദം: പുരുഷന്മാര്‍ക്കും ഭീഷണി

WEBDUNIA| Last Modified ഞായര്‍, 1 ജൂണ്‍ 2008 (19:07 IST)
സ്ത്രീകളുടെ പേടി സ്വപ്നമാണ് സ്തനാര്‍ബുദം. എന്നാല്‍, സ്തനാര്‍ബുദവും പുരുഷ്നമാരില്‍ ഉണ്ടാകുന്ന പ്രോസ്ട്രേറ്റ് കാന്‍സറുമായി എന്തെങ്കിലും ബന്ധമുണ്ടോ?

ഉണ്ടെന്നാണ് അടുത്തിടെ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്. സ്തനാര്‍ബുദ നിരക്ക് കൂടുതലുളള കുടുംബത്തില്‍ നിന്നുള്ള പുരുഷന്മാര്‍ക്ക് പ്രോസ്ട്രേറ്റ് കാന്‍സര്‍ ഉണ്ടാകുന്നതിനുള്ള സാധ്യത ഏറെയാണെന്നാണ് പഠനത്തില്‍ മനസിലാക്കാനായത്. സ്തനാര്‍ബുദത്തിന് കാരണമാകുന്ന രൂപപരിണാമം സംഭവിച്ച ജീനാണ് പ്രശ്നം ഉണ്ടാക്കുന്നത്. ഈ ജീന്‍ പുരുഷന്മാരില്‍ പ്രോസ്ട്രേറ്റ് കാന്‍സറിനുള്ള സാധ്യത നാല് മടങ്ങാണ് വര്‍ദ്ധിപ്പിക്കുന്നത്

ഓസ്ട്രേലിയയിലെ ദേശീയ സ്തനാര്‍ബുദ ഫൌണ്ടേഷനാണ് ഗവേഷണത്തിന് നേതൃത്വം നല്‍കിയത്. ഓസ്ട്രേലിയന്‍, ന്യൂസിലന്‍ഡ് കണ്‍സോര്‍ഷ്യമായ കോന്‍ഫബാണ് ഗവേഷണം നടത്തിയത്.

സ്തനാര്‍ബുദം അണ്ഡാശയാര്‍ബുദം എന്നിവ ആവര്‍ത്തിച്ചുണ്ടാകുന്ന കുടുംബങ്ങളില്‍ 10 വര്‍ഷം ഈ കണ്‍സോര്‍ഷിയം പഠനം നടത്തുകയുണ്ടായി. ഈ പഠനത്തിലാണ് ചില കുടുംബങ്ങളില്‍ പ്രോസ്ട്രേറ്റ് കാന്‍സറും സാധാരണമാണെന്ന് കണ്ടെത്തിയത്.

ഈ കുടുംബങ്ങളില്‍ ബി ആര്‍ സി എ 2 എന്ന രൂപപരിണാമം സംഭവിച്ച ജീന്‍ തലമുറകളായി കൈമാറ്റം ചെയ്യപ്പെടുകയാണെന്ന് കണ്ടെത്തി. രൂപപരിണാമം സംഭവിച്ച ഈ ജീന്‍ ശരീരത്തില്‍ ഉള്ള പുരുഷന്മാര്‍ പ്രോസ്ട്രേറ്റ് കാന്‍സര്‍ ഉണ്ടാകാന്‍ നാലിരട്ടി സാധ്യത ഉള്ളവരാണെന്ന് കണ്ടെത്തിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :