സ്കൂളില്‍ മൊബൈല്‍ ഉപയോഗിച്ചതിന് വിദ്യാര്‍ത്ഥിനിക്ക് ചാട്ടയടി!. സൌദിയിലാണ് ഈ ക്രൂരത അരങ്ങേറിയത്. ചാട്ടയടി കൂടാതെ രണ്ട് മാസത്തെ ജയില്‍വാസവും കുട്ടിക്ക് ശിക്ഷയായി നല്‍കിയിട്ടുണ്ട്.
പതിമൂന്ന് വയസുകാരിയാണ് ശിക്ഷയ്ക്കിരയായ കുട്ടി. തൊണ്ണൂറു ചാട്ടയടിയാണ് നല്‍കിയത്. ജുബൈലിലെ കോടതിയാണ് ശിക്ഷയ്ക്ക് ഉത്തരവിട്ടത്. ക്ലാസിലെ മറ്റ് വിദ്യാര്‍ത്ഥിനികളുടെ മുന്നില്‍ വെച്ച് ചാട്ടയടി നല്‍കണമെന്നും വിധിയില്‍ പറഞ്ഞിരുന്നു.
സൌദിയില്‍ പെണ്‍കുട്ടികള്‍ക്കായുള്ള സ്കൂളുകളില്‍ ക്യാമറകള്‍ ഉള്ള മൊബൈല്‍ ഫോണുകളുടെ ഉപയോഗം നിരോധിച്ചിട്ടുണ്ട്. സ്കൂള്‍ നിയമം തെറ്റിച്ചുവെന്ന കുറ്റമാണ് കുട്ടിയുടെ മേല്‍ ചുമത്തിയിട്ടുള്ളത്.
അദ്ധ്യാപകര്‍ കണ്ടെത്താതിരിക്കാന്‍ മൊബൈല്‍ ഒളിപ്പിച്ചാണ് കുട്ടി സ്കൂളില്‍ എത്തിയത്. മൊബൈല്‍ കണ്ടെത്തിയ അദ്ധ്യാപകയെ കുട്ടി ആക്രമിച്ചതായി സ്കൂള്‍ അധികൃതര്‍ പറയുന്നുണ്ട്. ചാട്ടയടി പോലുള്ള പുരാതന ശിക്ഷാ രീതികള്‍ ഇപ്പോഴും കൈവിടാത്ത ചുരുക്കം രാജ്യങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഇടമാണ് സൌദി.