സെപ്റ്റം. 11ന് അമേരിക്കയില്‍ ഖുറാന്‍ കത്തിക്കുന്നു!

ന്യൂയോര്‍ക്ക്| WEBDUNIA|
PRO
അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്‍റര്‍ ഭീകരര്‍ തകര്‍ത്തതിന്‍റെ വാര്‍ഷികദിനമായ സെപ്റ്റംബര്‍ 11ന് ഫ്ലോറിഡയിലെ ഒരു ക്രിസ്ത്യന്‍ പള്ളി മുസ്ലിം വിശുദ്ധ ഗ്രന്ഥമായ ഖുറാന്‍ കത്തിക്കുന്നു. ഗെയ്ന്‍‌സ്‌വില്ലെയിലെ ദി ഡൌ വേള്‍ഡ് ഔട്ട്‌റീച്ച് സെന്‍ററാണ് സെപ്റ്റംബര്‍ 11 ‘അന്താരാഷ്ട്ര ഖുറാന്‍ അഗ്നിക്കിരയാക്കല്‍ ദിന’മായി ആചരിക്കുന്നത്.

എന്നാല്‍ ഇതിനെതിരെ അനവധി മുസ്ലിം, ക്രിസ്ത്യന്‍ പ്രസ്ഥാനങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

മുസ്ലിംമതം വഞ്ചകരുടെ മതമാണെന്നും ചെകുത്താനാണ് മുസ്ലിങ്ങളെ നയിക്കുന്നതെന്നുമാണ് ഈ പള്ളി പ്രഖ്യാപിച്ചിരിക്കുന്നത്. അന്താരാഷ്ട്ര ഖുറാന്‍ അഗ്നിക്കിരയാക്കല്‍ ദിനത്തെക്കുറിച്ച് വെബ്സൈറ്റിലൂടെയും ഫേസ്ബുക്കിലൂടെയും പള്ളി അറിയിപ്പ് നല്‍കുന്നുണ്ട്. മാത്രമല്ല, സമാന ചിന്താഗതിക്കാരെ സെപ്റ്റംബര്‍ 11ന് വൈകുന്നേരം ആറുമണിക്കും ഒമ്പതിനുമിടയില്‍ നടക്കുന്ന ‘ഖുറാന്‍ കത്തിക്കല്‍ പരിപാടി’ലേക്ക് ക്ഷണിച്ചിട്ടുമുണ്ട്.

“ഇസ്ലാം മതസ്ഥന്‍ ചെകുത്താനാല്‍ നയിക്കപ്പെടുന്നവരാണെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. വഞ്ചനയുടെ ഈ മതം ലക്ഷക്കണക്കിന് ജനങ്ങളെ നരകത്തില്‍ തള്ളുന്നു. അവര്‍ ഒരു ആക്രമണ സ്വഭാവമുള്ള മതസ്ഥരാണെന്ന് പലതവണ തെളിയിച്ചു കഴിഞ്ഞിട്ടുണ്ട്” - ദി ഡൌ വേള്‍ഡ് ഔട്ട്‌റീച്ച് സെന്‍റര്‍ പള്ളിയിലെ പാസ്റ്റര്‍ ടെറി ജോണ്‍സ് പറയുന്നു.

ഈ ‘പരിപാടി’യെക്കുറിച്ച് അറിയിപ്പുള്ള ഫേസ്ബുക്ക് പേജിന് 1600 ഫാന്‍സ് ആണുള്ളത്. “അന്തിമമായി അഗ്നിയിലേക്കാണ് ജനങ്ങളെ ഖുറാന്‍ നയിക്കുന്നത്. അതുകൊണ്ടുതന്നെ ഖുറാന്‍റെ ഇടമായ അഗ്നിയിലേക്കുതന്നെ ഞങ്ങള്‍ അതിനെ ഇടുന്നു” - ഫേസ്ബുക്ക് പേജില്‍ പറയുന്നു.

ക്രിസ്ത്യന്‍, മുസ്ലിം കൂട്ടായ്മകള്‍ ഈ ‘പരിപാടി’ക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഖുറാന്‍ കത്തിക്കാനുള്ള നീക്കത്തില്‍ നിന്ന് പള്ളി പിന്തിരിയണമെന്നും അല്ലെങ്കില്‍ അന്താരാഷ്ട്ര തലത്തില്‍ തന്നെ രണ്ടു മതങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിന് ഇത് കാരണമാകുമെന്നും നാഷണല്‍ അസോസിയേഷന്‍ ഓഫ് ഇവാഞ്ചലിക്കല്‍‌സ്(എന്‍ എ ഇ) ആവശ്യപ്പെട്ടു. മുസ്ലിങ്ങള്‍ക്കെതിരെയുള്ള നീക്കങ്ങള്‍ തടയണമെന്ന് കൌണ്‍സില്‍ ഓണ്‍ അമേരിക്കന്‍ ഇസ്ലാമിക് റിലേഷന്‍സ് ആഹ്വാനം ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :