സെപ്.11: വധശിക്ഷയ്ക്ക് നീക്കം

വാഷിംഗ്ടണ്‍| PRATHAPA CHANDRAN|
ലോകവ്യാപാര കേന്ദ്രം ആക്രമിക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ച ആറ് പേര്‍ക്ക് വധ ശിക്ഷ നല്‍കാന്‍ അമേരിക്ക നീക്കം നടത്തുന്നു. സെപ്തംബര്‍ 11 ആക്രമണത്തിന് ഗൂഡാലോചന നടത്തിയെന്ന് ആരോപിക്കുന്ന പ്രതികളെ ഗ്വാണ്ടനാമോയില്‍ തടവില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു.

2001 ലെ ആക്രമണത്തിന് വേണ്ടി ഇവര്‍ ഗൂഡാലോചന നടത്തിയെന്ന് സംശയാതീതമായി തെളിഞ്ഞിരിക്കുകയാണെന്ന് പെന്‍റഗണ്‍ നടത്തിയ പ്രത്യേക വിധി പരാമര്‍ശത്തില്‍ പറയുന്നു. ആറുപേരും അമേരിക്കയ്ക്കെതിരെ അത്യാധുനിക രീതിയില്‍ അല്‍-ക്വൊയ്ദ ആക്രമണം നടത്താന്‍ വളരെക്കാലം ഗൂഡാലോചന നടത്തിയെന്ന് തെളിഞ്ഞതായി പ്രതിരോധ മന്ത്രാലയത്തിന്‍റെ നിയമോപദേശകന്‍ ബ്രിഗേഡിയര്‍ ജനറല്‍ തോമസ് ഹാര്‍ട്മാന്‍ പറഞ്ഞു.

ഖാലിദ് ഷേക്ക് മൊഹമ്മദ്, വാലിദ് ബിന്‍ അറ്റാഷ്, റസ്മി ബിന്‍ അല്‍-ഷിബ്, അലി അബ്ദുള്‍ അസീസ് അലി, മുസ്തഫ മൊഹമ്മദ് ആദം അല്‍-ഹവ്‌സാവി, മൊഹമ്മദ് അല്‍-ഖത്താനി എന്നിവര്‍ക്കാണ് വധ ശിക്ഷ നല്‍കാന്‍ പ്രതിരോധമന്ത്രാലയം നീക്കം നടത്തുന്നത്.

സെനിക സമിതി നിയമ പ്രകാരം കൊലപാതകത്തിനുള്ള ഗൂഡാലോചന, യുദ്ധനിയം തെറ്റിക്കല്‍, ജനങ്ങളുടെ നേരെയുള്ള ആക്രമണം, ഭീകരത, ഭീകരതയ്ക്കുള്ള പിന്തുണ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്. എന്നാല്‍, പ്രതികളെ ക്രൂരമായി പീഡിപ്പിച്ചു എന്ന വെളിപ്പെടുത്തലുകള്‍ ഈ വിധിക്ക് മേല്‍ ആശങ്ക ഉയര്‍ത്തുന്നുണ്ട്

2001 ല്‍ ലോകവ്യാപാര കേന്ദ്രത്തിനു നേരെ നടന്ന ആക്രമണത്തില്‍ 3000 പേര്‍ മരിച്ചു എന്നാണ് കണക്കാക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :