പാക് ജയിലില്‍ സഹതടവുകാരുടെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇന്ത്യന്‍ തടവുകാരന്‍ സരബ്ജിത്ത് സിംഗിന് മസ്തിഷ്ക മരണം സംഭവിച്ചതായി റിപ്പോര്‍ട്ട്. തലച്ചോറില്‍ ഗുരതര ക്ഷതമേറ്റതാണ് സരബ്ജിത്തിന് മസ്തിഷ്ക മരണം സംഭവിക്കാന്‍ കാരണം. വെന്റിലേറ്ററില്‍ തുടരുന്ന സരബ്ജിത്തിന്റെ ജീവന്‍ യന്ത്ര സഹായത്താല്‍ നിലനിര്‍ത്തിയിരിക്കുകയാണ്.
അതേസമയം, ഇന്ത്യയില്‍ തിരിച്ചെത്തിയശേഷം ബന്ധുക്കളുമായി കൂടിയാലോചിച്ച് സരബ്ജിത്തിന് നല്‍കുന്ന വെന്റിലേറ്റര്‍ സഹായം തുടരണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് പാക്കിസ്ഥാനിലുള്ള സരബ്ജിത്തിന്റെ സഹോദരി ദല്‍ബിര്‍ കൗര്‍ പറഞ്ഞു. ഉച്ചയ്ക്ക് രണ്ടരയോടെ ദല്‍ബീര്‍ കൗര്‍ വാഗാ അതിര്‍ത്തിവഴി ഇന്ത്യയിലെത്തുമെന്നാണ് കരുതുന്നത്.
സരബ്ജത്തിന് വൈദ്യസഹായം നല്‍കാന്‍ തയാറാണെന്ന് ഇന്ത്യ നേരത്തെ അറിയിച്ചിരുന്നെങ്കിലും ഇതിനോട് പാക്കിസ്ഥാന്‍ അനുകൂലമായല്ല പ്രതികരിച്ചത്. മാനുഷിക പരിഗണനവെച്ച് സരബ്ജിത്തിനെ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ അനുവദിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം നേരത്തെ ആവശ്യപ്പെട്ടിരുന്നു. സരബ്ജിത്തിനെ വിദഗ്ധ ചികിത്സയ്ക്കായി ഇന്ത്യയിലേക്കോ രാജ്യത്തെ തന്നെ മറ്റേതെങ്കിലും ആശുപത്രിയിലേക്കോ മാറ്റേണ്ടെന്ന് കഴിഞ്ഞ ദിവസം മെഡിക്കല്‍ ബോര്‍ഡ് യോഗവും തീരുമാനിച്ചിരുന്നു.
വെള്ളിയാഴ്ച വൈകുന്നേരമാണ് സരബ്ജിത്തിനെ സഹതടവുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചത്. 1990ല്‍ 14 പേര്‍ കൊല്ലപ്പെട്ട ബോംബാക്രമണത്തില്‍ പങ്കുണ്ടെന്നാരോപിച്ചായിരുന്നു പാക് കോടതി സരബ്ജിത്തിന് വധശിക്ഷ വിധിച്ചത്. സരബ്ജിത്തിന്റെ ദയാഹര്‍ജി പാക് കോടതിയും മുന്‍ പ്രസിഡന്റ് മുഷറഫും തള്ളിയിരുന്നു.