പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന്‍റെ സഹോദരനും പിഎംഎല്‍-എന്‍ നേതാവുമായ ഷഹബാസ് ഷരീഫ് വീട്ടുതടങ്കലില്‍ നിന്ന് രക്ഷപെട്ട് ഇസ്ലാമബാദില്‍ എത്തിയതായി റിപ്പോര്‍ട്ടുകള്‍. നവാസ് ഷരീഫിനെ ഞായറാഴ്ച രാവിലെ വീട്ടുതടങ്കലില്‍ ആക്കിയതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ലോംഗ് മാര്‍ച്ചിന്‍റെ അവസാന ദിവസമായ തിങ്കളാഴ്ച ഇസ്ലാമബാദില്‍ സുപ്രീം കോടതിക്ക് പുറത്ത് നടക്കാനിരിക്കുന്ന കുത്തിയിരുപ്പു സമരത്തില്‍ പങ്കാളിയാവാനാണ് ഷഹബാസ് ഇസ്ലാമബാദില്‍ എത്തിയത്. വഴിമധ്യേ ചൌധരി തന്‍വീറിന്‍റെ വസതിയില്‍ വച്ച് ഷഹബാസിനെ വീട്ടുതടങ്കലില്‍ ആക്കിയെന്നായിരുന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
എന്നാല്‍, ഷരീഫ് സഹോദരന്മാരെ അറസ്റ്റ് ചെയ്യരുത് എന്ന് ഉത്തവിറക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഇവര്‍ക്കെതിരെ ഭീകരാക്രമണം ഉണ്ടായേക്കാമെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ ശക്തമായ മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്ന് സുരക്ഷ ശക്തമാക്കുകയാണ് ചെയ്തതെന്നാണ് സര്‍ക്കാര്‍ വിശദീകരണമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
നാല് ദിവസം നീളുന്ന ലോംഗ് മാര്‍ച്ചിന് തിങ്കളാഴ്ചയാണ് അവസാനം. മുഷറഫ് ഭരണകാലത്ത് പുറത്താക്കപ്പെട്ട ചീഫ് ജസ്റ്റിസ് ഇഫ്തിക്കര്‍ ചൌധരിയെ തിരിച്ചെടുക്കണം എന്നാണ് അഭിഭാഷകരും പ്രതിപക്ഷ കക്ഷികളും അടങ്ങുന്ന പ്രതിഷേധക്കാരുടെ ആവശ്യം.