ശരണനാളമായി പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു

സന്നിധാനം| WEBDUNIA| Last Updated: തിങ്കള്‍, 14 ജനുവരി 2013 (18:49 IST)
PRO
ശരണംവിളികളാല്‍ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ പൊന്നമ്പലമേട്ടില്‍ പുണ്യദര്‍ശനമായി മൂന്നുവട്ടം മകരജ്യോതി തെളിഞ്ഞു. ഇരുമുടികളില്‍ മനസ്സും ഹൃദയവും നിറച്ചെത്തിയ അയ്യപ്പന്മാര്‍ക്ക് ശരണജ്യോതി ആത്മ നിര്‍വൃതി പകരുന്നതായി.

ഭഗവാന് തിരുവാഭരണം ചാര്‍ത്തി സന്ധ്യാദീപാരാധന നടത്തിയ ശേഷമാണ് 6:35ഓടെ മകരജ്യോതി തെളിഞ്ഞത്. പൊന്നമ്പലമേട്ടില്‍ മൂന്നുപ്രാവശ്യം മകരജ്യോതി തെളിയുന്നതിനു മുന്‍പായി കിഴക്കന്‍ ചക്രവാളത്തില്‍ അയ്യപ്പന്റെ ജന്മനക്ഷത്രമായ ഉത്രംനക്ഷത്രം ഉദിച്ചുയര്‍ന്നു.

ധനുരാശിയില്‍നിന്ന് മകരം രാശിയിലേക്കുള്ള സൂര്യസഞ്ചാരത്തിന്‍റെ പുണ്യനിമിഷത്തില്‍ ശബരിമലയിലെ ഏറ്റവും വിശേഷപ്പെട്ട പൂജയായ സംക്രമപൂജ നടന്നു. കവടിയാര്‍ കൊട്ടാരത്തില്‍ നിന്നു പ്രത്യേക ദൂതന്‍ വശം കൊടുത്തയച്ച നെയ്യ്‌ ഉപയോഗിച്ച്‌ അഭിഷേകം നടത്തിയതിനു ശേഷമാണ് പൂജകള്‍ ആരംഭിച്ചത്.

പന്തളം കൊട്ടാരത്തില്‍ നിന്നു ഘോഷയാത്രയായി കൊണ്ടുവന്ന തിരുവാഭരണങ്ങള്‍ ചാര്‍ത്തി ശബരീശനു സന്ധ്യാ ദീപാരാധന നടത്തി. മകരജ്യോതി ദര്‍ശിക്കുവാന്‍ എത്തിയവരുടെ തിരക്ക്‌ മൂലം സന്നിധാനവും കാനനപാതകളും നിറഞ്ഞിരുന്നു. പലയിടങ്ങളിലും പര്‍ണശാലകള്‍ തീര്‍ത്ത് ഭക്തര്‍ കാത്തിരുന്നിരുന്നു.

പുല്ലുമേട്ടില്‍ ഉണ്ടായ അനിഷ്ടസംഭവങ്ങള്‍ കണക്കിലെടുത്ത് പുല്ലുമേട്ടിലും പമ്പമുതല്‍ പലയിടങ്ങളിലും നേരത്തെ നിയന്ത്രണങ്ങളും കനത്തസുരക്ഷയും ഏര്‍പ്പെടുത്തിയിരുന്നു. ലക്ഷക്കണക്കിന് ഭക്തരാണ് സന്നിധാനത്തും ജ്യോതി ദര്‍ശനം സാധ്യമായ ഏല്ലായിടങ്ങളിലും കാത്തിരുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :